അബുദാബി: അഴിമതിയാരോപണത്തെ തുടർന്ന് രാജ്യംവിട്ടു പോയ മുൻ സ്‌പെയിൻ രാജാവ് വാൻ കാർലോസ് 1 എത്തിയത് യു.എ.ഇയിലേക്കെന്ന് സൂചന. സ്പാനിഷ് മീഡിയ ഗ്രൂപ്പായ എൻ.ഐ.യു.എസ് കാർലോസ് അബുദാബി എയർപോർട്ടിലിറങ്ങുന്ന ചിത്രം പുറത്തു വിട്ടിട്ടുണ്ട്. ആഗസ്റ്റ് മൂന്നിനാണ് വാൻ രാജ്യം വിടുകയാണെന്നറിയിച്ചത്. തിങ്കളാഴ്ച ഇദ്ദേഹം തന്റെ മകനും നിലവിലെ സ്പെയിൻ രാജാവുമായ ഫിലിപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെയുള്ള അഴിമതി ആരോപങ്ങൾ മകനായ ഫിലിപ്പ് രാജാവിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹം നാടു വിട്ടതെന്നാണ് സൂചന. എവിടേക്കാണ് താൻ പോവുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
ആരോപണങ്ങൾ ഇങ്ങനെ
സൗദി അറേബ്യയുമായി ധാരണയായിരുന്ന അതിവേഗ റെയിൽ കരാറുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ അഴിമതിയുടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. 2008ൽ അന്നത്തെ സൗദി രാജാവ് അബ്ദുള്ളയിൽ നിന്നും 100 ദശലക്ഷം ഡോളർ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കു വന്നെന്നായിരുന്നു റിപ്പോർട്ട്. സ്വിറ്റ്സർലൻഡിൽ നിന്നും ആദായനികുതി വകുപ്പ് അധികൃതർ രാജാവിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള വിവരങ്ങൾ സ്പെയിനിന് കൈമാറുകയും ചെയ്തിരുന്നു. ആരോപണങ്ങൾ ശക്തമായതോടെ 2014 ഇദ്ദേഹം അധികാരത്തിൽ നിന്നും ഒഴിഞ്ഞു. ഇതിന് ശേഷം മകൻ ഫിലിപ്പിനു വേണ്ടി നടത്തിയ അനധികൃത പ്രവർത്തനങ്ങളുടെ വിവരങ്ങളും പുറത്തു വന്നു.