mount-sinabung

ജക്കാർത്ത : ഇന്തോനേഷ്യയിൽ വടക്കൻ സുമാത്രയിലെ കാരോ റീജൻസിയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് സിനബംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സുഷുപ്തിയിലായിരുന്ന പർവതം കഴിഞ്ഞ ദിവസമാണ് പൊട്ടിത്തെറിച്ചത്. പർവതത്തിൽ നിന്നും 5,000 മീറ്റർ വരെ ഉയരത്തിൽ വായുവിലേക്ക് ചാരവും പുകയും തെറിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിപർവതത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ബെറാസ്താഗി വരെ ചാരം തെറിച്ചു വീണതായാണ് റിപ്പോർട്ട്.

പർവതത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഗ്നിപർവതം ഇനിയും പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൗണ്ട് സിനബംഗിൽ നിന്നും അഞ്ച് കിലോമീറ്റർ വരെ സ്ഫോടന ശബ്ദം കേട്ടതായാണ് വിവരം.

കഴി‌ഞ്ഞ വർഷം ജൂണിലാണ് മൗണ്ട് സിനബംഗ് അവസാനമായി പൊട്ടിത്തെറിച്ചത്. 2,460 മീറ്റർ ഉയരമുള്ള മൗണ്ട് സിനബംഗ് നീണ്ട 400 വർഷങ്ങൾക്ക് ശേഷം 2010ലാണ് വീണ്ടും സജീവമായത്. 2014ൽ മൗണ്ട് സിനബംഗിലുണ്ടായ പൊട്ടിത്തെറിയിൽ 16 പേർ മരിച്ചിരുന്നു. 2016ൽ 7 പേർ മരിച്ചിരുന്നു. 130 ഓളം അഗ്നി പർവതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്.