സനാ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ യെമനിലെ പുരാതന നഗരം സനാ നശിച്ചു. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള നഗരമാണ് സന. കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പൈതൃക നഗരത്തിലെ പല കെട്ടിടങ്ങളും നാമാവശേഷമായി. മണ്ണും ചെളിയും കുഴച്ച് 11-ാം നൂറ്റാണ്ടിനു മുൻപ് നിർമ്മിച്ചിരുന്ന വീടുകളെ വേണ്ട വിധം സംരക്ഷിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് അവ നിലം പൊത്തിയത്. അതിലുണ്ടായിരുന്ന കുടുംബങ്ങൾക്ക് പരിക്കേറ്റില്ലെങ്കിലും ഇതോടെ അവർ ഭവനരഹിതരായി.
യെമൻ സർക്കാർ വേണ്ട വിധം സംരക്ഷിക്കുന്നില്ലെന്ന് കാട്ടി യുനെസ്കോ 2014ൽ രാജ്യത്തിനെതിരെ കേസ് നൽകിയിരുന്നു. കൊവിഡ് രോഗം, ഭക്ഷ്യ ക്ഷാമം, യുദ്ധം തുടങ്ങിയ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ യെമൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് മഹാമാരിയും പ്രളയും രാജ്യത്തെ കൂടുതൽ പ്രശ്നത്തിലാക്കിയത്.