gold-case

ദുബായ്: സ്വർണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംഘം യു.എ.ഇയിലെത്തി. കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനെ വിശദമായി ചോദ്യംചെയ്യലിന് വിധേയമാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. എസ്.പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണസംഘമാണ് ദുബായിലെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യുമോയെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻ.ഐ.എ സംഘത്തിന് യു.എ.ഇയിലേക്ക് പോകുന്നതിനുള്ള അനുമതി നൽകിയത്. സ്വർണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എൻ.ഐ.എ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യു.എ.ഇയിൽ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും വിദേശത്തുള്ള എൻ.ഐ.എ സംഘം അന്വേഷിക്കും.