ലണ്ടൻ: മഹാത്മാ ഗാന്ധിയുടെ വട്ടക്കണ്ണട ബ്രിട്ടനിൽ ലേലത്തിന്. ഈമാസം 21നാണ് ലേലം. 14 ലക്ഷം രൂപയാണ് കണ്ണടയ്ക്ക് വില പ്രതീക്ഷിക്കുന്നത്. ബ്രിസ്റ്റോളിലെ ലേല കമ്പനിയുടെ ലെറ്റർ ബോക്സിൽ ഒരു കവറിനുള്ളിലാക്കി നിക്ഷേപിച്ച നിലയിലാണ് ആദ്യം കണ്ണട കണ്ടെത്തിയത്. കൂടെ ഒരു കുറിപ്പുമുണ്ടായിരുന്നു. 'ഇത് ഗാന്ധിയുടെ കണ്ണടയാണ്. എന്റെ അമ്മാവൻ എനിക്ക് തന്നതാണ്' എന്നായിരുന്നു കുറിപ്പിൽ. കണ്ണടയുടെ മൂല്യം തിരിച്ചറിഞ്ഞ ലേലക്കമ്പനി നടത്തിപ്പുകാരനായ ആൻഡി സ്റ്റോവ് ഉടൻ തന്നെ ഉടമയുമായി ബന്ധപ്പെട്ടു. തന്റെ അമ്മാവൻ ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്ത സമയത്ത് ഗാന്ധിജി സമ്മാനിച്ചതാണ് ഈ കണ്ണടയെന്ന് ഉടമ പറഞ്ഞു. 'കണ്ണടക്ക് 14 ലക്ഷം രൂപയാണ് ലേലത്തുകയായി കണക്കാക്കിയത്'. അതിലേറെ ലഭിക്കാനും സാദ്ധ്യതയുണ്ട്. ഉടമയെ ഈ വില അറിയിച്ചപ്പോൾ അദ്ദേഹം കസേരയിലേക്ക് വീണുപോയി ' - സ്റ്റോവ് പറഞ്ഞു. 'ഞങ്ങൾ കണ്ണട പരിശോധിച്ചു.അതിന്റെ കാലഘട്ടവും ഉടമ പറഞ്ഞ കാര്യവും ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു. 80 വയസുള്ളയാളാണ് ഇത് തന്നിരിക്കുന്നത്. ഇത്തരമൊരു കഥ അദ്ദേഹം മെനഞ്ഞെടുക്കുമെന്ന് കരുതുന്നില്ല. ഇതിന് വിലയൊന്നും ലഭിക്കില്ലെങ്കിൽ ചവറ്റുകുട്ടയിലേക്ക് കളഞ്ഞേക്കൂവെന്നാണ് ഉടമ ആദ്യം പറഞ്ഞത്. അയാൾക്ക് ഇതിന്റെ മൂല്യത്തെ കുറിച്ച് ധാരണയുണ്ടായിരുന്നില്ല' -സ്റ്റോവ് കൂട്ടിച്ചേർത്തു.