patanjali

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ പി എൽ) ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയതോടെ ബാബ രാംദേവിന്റെ പതഞ്‌ജലി ആയുർവേദ് സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ. പതഞ്‌ജലി ഒരു ആഗോള മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം കണ്ടെത്തുന്നതിന്റെ ഭാഗമായി സ്‌പോൺസർഷിപ്പ് ഏറ്റെടുത്തേക്കാൻ സാദ്ധ്യതയുണ്ടെന്ന് പതഞ്ജലിയുടെ വക്താവ് എസ്.കെ. തിജാറാവാല ഒരു ദേശീയമാദ്ധ്യമത്തോടു പറഞ്ഞു.

ഇതിനായി പ്രൊപ്പോസൽ തയാറാക്കി ബോർഡ് ഓഫ് കൺട്രോൾ ഓഫ് ക്രിക്കറ്റിൽ (ബി.സി.സി.ഐ.) സമർപ്പിക്കാൻ ആലോചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദേശീയതാവാദമുയർന്നതോടെയാണ് ഐ പി എൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയത്. തൽസ്ഥാനത്ത് ഇന്ത്യൻ ദേശീയത ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പതഞ്ജലിയുടെ വരവ് ഐ പി എല്ലിനേക്കാൾ അവർക്കു തന്നെയാണ് പ്രയോജനപ്പെടുകയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി വിവോ മുടക്കിയിരുന്നത്. 2018ല്‍ അഞ്ചുവര്‍ഷത്തേയ്ക്കാണ് കമ്പനിയുമായി കരാറിലെത്തിയത്. ഇത്രയുംതുക പതഞ്ജലിക്ക് നല്‍കാനാകുമോയെന്ന കാര്യത്തിലാണ് സംശയം. അതൊകൊണ്ടുതന്നെ സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 50ശതമാനം കുറവുവരുത്തുന്നകാര്യവും ബി സി സി ഐയുടെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബർ 10 മുതൽ നവംബർ 10 വരെ യു.എ.ഇ.യിൽ വച്ചാണ് ഇത്തവണത്തെ ഐ.പി.എൽ മത്സരങ്ങൾ നടക്കുക.