ഇസ്ളാമാബാദ്: മേയ് മാസം 22 ന് പാകിസ്ഥാനെ ഞെട്ടിച്ച ദുരന്തമായിരുന്നു കറാച്ചിയിൽ 97 പേരുടെ മരണത്തിനിടയായ വിമാനാപകടം. ദേശീയ വിമാന കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനമാണ് അന്ന് തകർന്നത്. അപകട സമയത്ത് പൈലറ്റും എയർ ട്രാഫിക് കൺട്രോളും രാജ്യത്തെ കൊവിഡ് കണക്ക് സംസാരിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതോടെ ദേശീയ വിമാന കമ്പനിയിലെ പൈലറ്റുമാർക്ക് വ്യാജ പൈലറ്റ് ലൈസൻസാണ് ഉളളതെന്ന് വിവാദമുയർന്നു.
മൂന്നിലൊന്ന് പൈലറ്റുമാരും യോഗ്യതാ പരീക്ഷയിൽ തട്ടിപ്പ് നടത്തിയാണ് വിജയിച്ചതെന്ന് പാകിസ്ഥാൻ വ്യോമയാന മന്ത്രി തന്നെ അറിയിച്ചു. ആകെ 262 പൈലറ്റുമാരിൽ 193 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് ബന്ധപ്പെട്ട സ്ഥാപനമായ സിവിൽ ഏവിയേഷൻ അതോറിറ്രി. പാകിസ്ഥാനിലെ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്. ഇതിൽ 140 പേർ മറുപടി നൽകിയതായും അവരെ തങ്ങളുടെ വാദം നേരിട്ടറിയിക്കാൻ വിഷയത്തിൽ അന്വേഷണം നടത്തുന്ന അഞ്ചംഗ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. മറ്റുളളവർക്ക് സാങ്കേതിക കാരണങ്ങളാൽ നോട്ടീസ് നൽകിയിട്ടില്ലെന്നും വൈകാതെ നൽകുമെന്നും കമ്മിറ്റി അറിയിച്ചു. എന്നാൽ പൈലറ്റുമാർക്ക് ലൈസൻസ് നൽകാൻ അനധികൃതമായി സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ ഇടപെട്ടു എന്ന വാദം കമ്മിറ്റി തളളി.
സംഭവത്തെ തുടർന്ന് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ ഭരണസമിതി (എഫ്എഎ)പാകിസ്ഥാനെ കാറ്റഗറി രണ്ടിൽ ഉൾപ്പെടുത്തി. ഇതോടെ അമേരിക്കയിൽ നിന്നും പുതുതായി പാകിസ്ഥാനിലേക്ക് ഫ്ളൈറ്റുകൾ തുടങ്ങില്ല, തിരികെ പാകിസ്ഥാനിൽ നിന്നും അമേരിക്കയിലേക്കും തുടങ്ങാനാകില്ല. യൂറോപ്യൻ യൂണിയനും പിഐഎയുടെ സർവീസ് ചുരുങ്ങിയത് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു.