ബെയ്റൂട്ട്: ലെബനനിലെ രണ്ട് മന്ത്രിമാർ രാജിവച്ചു. വാർത്താ വിതരണ മന്ത്രി മനാൽ അബ്ദേൽ സമദും പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കട്ടാറും ആണ് ഹസദ ദയബിന്റെ മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചത്. മന്ത്രിസഭയ്ക്കു നേരെ ഉയരുന്ന വിമർശനങ്ങളെ തുടർന്നാണ് രാജി. ആറോളം എം.പിമാരും രാജിക്ക് ഒരുങ്ങുന്നുണ്ട്. ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തോടെ നിലവിലെ സർക്കാരിനെതിരെയുള്ള പൊതുജന പ്രക്ഷോഭം കൂടുതൽ രൂക്ഷമായിരുന്നു. സർക്കാർ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ശനിയാഴ്ച രാത്രിമുഴുവൻ നീണ്ട സമരമാണ് നടന്നത്. ബെയ്റൂട്ടിലെ സ്ഫോടനം നടന്ന തുറമുഖത്തിനു സമീപം പ്രക്ഷോഭകർ ഒത്തു ചേർന്നു. നിലവിലെ സർക്കാരിന് പണവും അധികാരവും മാത്രമാണ് ലക്ഷ്യമെന്നും പൊതുജനങ്ങളുടെ ആരോഗ്യമോ കൊല്ലപ്പെട്ടവരെക്കുറിച്ചോ ഒന്നും ചിന്തിക്കുന്നില്ലെന്ന് പ്രക്ഷോഭകർ വിമർശിച്ചു. രണ്ട് മന്ത്രിമാർ രാജിവച്ചതുകാണ്ടു മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.