mask

ടെൽ അവീവ്: കൊവിഡ് ലോകമെമ്പാടും വ്യാപിച്ചതോടെ മാസ്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. സാധാരണ മാസ്കുകൾക്ക് പുറമെ പല തരത്തിലുള്ള ട്രെൻഡി മാസ്കുകൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരുഗ്രൻ സ്വർണ മാസ്കുമായാണ് ഇസ്രായേലിലെ ഒരു ജ്വല്ലറിയുടെ വരവ്. സ്വർണത്തിൽ പണിത് രത്നം പതിപ്പിക്കുന്ന മാസ്കിന് വില എത്രയാണെന്നോ, ഏകദേശം 11 കോടി രൂപ. എന്നാൽ,മാസ്ക് വാങ്ങുന്നത് ആരാണെന്ന വിവരം ജ്വല്ലറി പുറത്തുവിട്ടിട്ടില്ല. യു.എസ് കേന്ദ്രീകരിച്ചുള്ള ഒരു ചൈനീസ് ബിസിനസുകാരൻ ആണ് മാസ്ക് വാങ്ങുന്നതെന്ന് ഇവർ സൂചിപ്പിക്കുന്നു. 18 കാരറ്റ് വൈറ്റ് ഗോൾഡ് ഉപയോഗിച്ചാണ് മാസ്ക് നിർമ്മിക്കുന്നത്. വെളുത്തതും കറുത്തതുമായ 3600 രത്നങ്ങൾ മാസ്കിൽ പതിപ്പിക്കും. വാങ്ങുന്നയാളുടെ നിർദ്ദേശപ്രകാരം എൻ99 ഫിൽറ്ററുകളും ഇതിൽ ഉപയോഗിക്കുമെന്ന് ജ്വല്ലറി ഉടമ പറയുന്നു. മാസ്ക് വാങ്ങുന്ന വ്യക്തി രണ്ട് നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്. ഈ വർഷം അവസാനത്തോടെ മാസ്കിന്റെ പണി പൂർത്തിയാക്കണം. ഒപ്പം ലോകത്തെ ഏറ്റവും വിലയേറിയ മാസ്കും ഇതാവണം. പണം കൊണ്ട് എല്ലാം വാങ്ങാനാവില്ല എന്ന് ഞങ്ങൾക്കറിയാമെന്ന് ജ്വല്ലറി ഉടമയായ ഐസക് ലെവി പറയുന്നു. എന്നാൽ പണം ചെലവഴിച്ച് വളരെ പ്രത്യേകതയുള്ള മാസ്കിട്ട് നടന്ന് ശ്രദ്ധനേടുന്നതിൽ വാങ്ങുന്നയാൾ സന്തോഷം കണ്ടെത്തുന്നുണ്ടാവും. സ്വർണ മാസ്ക് നിർമാണം വെല്ലുവിളിയാണെന്നും ഒപ്പം സന്തോഷം നൽകുന്നതാണെന്നും ലെവി കൂട്ടിച്ചേർത്തു.