വാഷിംഗ്ടൺ: ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആദ്യം ഒരു കോടി കവിയാൻ 184 ദിവസം എടുത്തെങ്കിൽ രണ്ട് കോടി കവിയാൻ വെറും 43 ദിവസം മാത്രമാണെടുത്തത് എന്നതാണ് ഭീകരമായ വസ്തുത. കൊവിഡ് 10 ലക്ഷം പേരിലേക്ക് എത്താൻ എടുത്തത് 92 ദിവസം ആണെങ്കിൽ, അമ്പത് ലക്ഷത്തിലേക്ക് എത്തിയത് 48 ദിവസം കൊണ്ടാണ്. ജൂൺ 28ന് കൊവിഡ് ഒരു കോടി പേരിലേക്കെത്തി. അവിടുന്ന് അടുത്ത 50 ലക്ഷം പേരിലേക്ക് രോഗം എത്താൻ എടുത്തത് 24 ദിവസം. ജൂലായ് 22ന് ഒന്നരക്കോടിയിലേക്കെത്തിയ കൊവിഡ് പിന്നീട് അരക്കോടി പേരെ ബാധിച്ചത് 18 ദിവസം കൊണ്ടാണ്.
അതേസമയം, 2019 ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ ന്യുമോണിയക്ക് സമാനമായ ലക്ഷണങ്ങളുമായി പ്രത്യക്ഷപ്പെട്ട രോഗം ലോകമാകെ വ്യാപിച്ചിട്ട് 227 ദിവസങ്ങൾ പിന്നിട്ടു. ലോകത്ത് 213 രാജ്യങ്ങളിലും സ്ഥിരീകരിച്ച രോഗബാധ പ്രതിവിധികളില്ലാതെ മരണം വിതച്ച് കൊണ്ട് വ്യാപിക്കുകയാണ്. ജനുവരി 20ന് ചൈനയ്ക്ക് പുറത്തെത്തിയ രോഗത്തിന്റെ വ്യാപന തോത് ആദ്യഘട്ടങ്ങളിലുണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങ് കൂടുതലാണ് ഇപ്പോൾ.
ചൈനയിലും യൂറോപ്യൻ രാജ്യങ്ങളിലുമായിരുന്നു ആദ്യം കൊവിഡ് വ്യാപിച്ചത്. പിന്നീടത്, അമേരിക്കയിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും വഴിമാറി. നിലവിൽ കൊവിഡ് വ്യാപനവും മരണവും ഏറ്റവും രൂക്ഷം അമേരിക്കയിലാണ്. ബ്രസീൽ, ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല. എന്നിരുന്നാലും, ഇന്ത്യയിലും റഷ്യയിലും മരണനിരക്ക് താരതമ്യേന കുറവാണെന്നുള്ളത് അൽപ്പം ആശ്വാസം പകരുന്നുണ്ട്.
കൊവിഡ് മീറ്റർ
ആകെരോഗികൾ: 2 കോടി
മരണം:7.34 ലക്ഷം
രോഗമുക്തർ: 1.29 കോടി
രാജ്യം - രോഗികൾ - മരണം
അമേരിക്ക:51.99 ലക്ഷം - 1.65 ലക്ഷം
ബ്രസീൽ:30.35 ലക്ഷം - 1.01 ലക്ഷം
ഇന്ത്യ: 22.17 ലക്ഷം - 44,499