ജനീവ : ഇതാണ് ജെയ്‌നസ്... അറിയപ്പെടുന്നതിൽ വച്ച്, ഇരട്ടത്തലയോട് കൂടി ജീവിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമയാണ് ജെയ്‌നസ്. അടുത്തമാസം തന്റെ 23ാം പിറന്നാളിനൊങ്ങുകുകയാണ് ജെയ്‌നസ്. 1997 സെപ്റ്റംബർ 3ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്‌റ്ററിയിലാണ് ഗ്രീക്ക് ആമയായ ജെയ്‌നസിന്റെ ജനനം.
മ്യൂസിയത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ ജെയ്‌നസ് തന്നെയാണ് മ്യൂസിയത്തിന്റെ ഭാഗ്യ ചിഹ്നവും. രണ്ട് തലയോട് കൂടി ജനിക്കുന്ന മൃഗങ്ങൾ സാധാരണ വളരെ ചെറുപ്പത്തിൽ തന്നെ ചത്തുപോകുകയാണ് പതിവ്. എന്നാൽ പ്രതിസന്ധികളെ അതിജീവിച്ച ജെയ്‌നസിന് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
ജെയ്‌നസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മൃഗശാല അധികൃതർ. ജെയ്‌നസിനെ കുളിപ്പിക്കുന്നതിന്റെയും ഭക്ഷണം നൽകുന്നതിന്റെയും ദൃശ്യങ്ങളും മൃഗശാല അധികൃതർ പങ്കുവച്ചിട്ടുണ്ട്.
ജെയ്‌നസ് ഒരു പക്ഷേ, കാട്ടിൽ ജീവിച്ചിരുന്നെങ്കിൽ ഇത്രയും ആയുസ് ലഭിക്കില്ലായിരുന്നുവെന്ന് മൃഗശാല അധികൃതർ പറയുന്നു. കാരണം, അപകടം മുന്നിൽ കാണുമ്പോൾ മറ്റ് ആമകൾ ചെയ്യുന്നത് പോലെ സ്വയരക്ഷയ്ക്കായി തലയും കാലുകളും തോടിനുള്ളിലേക്ക് വലിക്കാനുള്ള കഴിവ് ജെയ്‌നസിനില്ല. ജെയ്‌നസിന്റെ രണ്ട് തലകൾക്കും രണ്ട് തലച്ചോറുകളുണ്ട്. റോമൻ പുരാണത്തിലെ ഇരട്ടത്തലയുള്ള ജെയ്നസ് ദേവനിൽ നിന്നാണ് ഇരട്ടത്തലയുള്ള ആമയ്ക്കും ഈ പേര് ലഭിച്ചിരിക്കുന്നത്.