
ശ്രീനഗർ: ജമ്മു കശ്മീൽ പീപ്പിൾസ് മൂവ്മെന്റ് നേതാവ് ഷാ ഫൈസൽ രാഷ്ട്രീയം വിട്ടു. സിവിൽ സർവീസുകാരനായ ഫൈസൽ തന്റെ ഉന്നത ജോലി ഉപേക്ഷിച്ചായിരുന്നു കഴിഞ്ഞ വർഷം കാശ്മീർ പീപ്പിൾസ് മൂവ്മെന്റിൽ ചേർന്നത്. തനിക്ക് രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും നടപ്പിലാക്കാനും പ്രയാസമുണ്ടെന്ന് ഫൈസൽ കഴിഞ്ഞ ദിവസം പാർട്ടി എക്സിക്യുട്ടീവ് മെമ്പർമാരെ അറിയിക്കുകയായിരുന്നു. ഫൈസലിന്റെ രാജിക്കത്ത് സ്വീകരിച്ചതായി പാർട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. തന്റെ ഭാവി പരിപാടി എന്താണെന്ന് 37കാരനായ ഫൈസൽ പറഞ്ഞില്ലെങ്കിലും ഉദ്യോഗത്തിലേക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹമെന്നാണ് പുറത്തുവരുന്ന വിവരം. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ ഫൈസൽ അറസ്റ്റ് വരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പൊതുസുരക്ഷ ആക്ട് പ്രകാരം വീട്ടുതടങ്കലിലാക്കിയ ഫൈസലിനെ കഴിഞ്ഞ മാസമാണ് സ്വതന്ത്രനാക്കിയത്. 2010ൽ ഐ.എ.എസ് പരീക്ഷ ഒന്നാമതായി പാസായ ഷാ ഫൈസൽ 2019 ജനുവരിയിലാണ് തന്റെ ഔദ്യോഗിക പദവി ഉപേക്ഷിച്ചത്.