thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് ജില്ലയിൽ 200 പേർക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരണമടഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ ആണ് രോഗം ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. 50 വയസായിരുന്നു. നിലവിൽ ജില്ലയിലെ രോഗികളുടെ എണ്ണം 3500ലേക്കാണ് അടുക്കുന്നത്.

ജില്ലയിൽ മഴക്കെടുതി മൂലമുള്ള ദുരിതങ്ങളും ആശങ്ക വർദ്ധിപ്പിക്കുകയാണ്. ജില്ലയിൽ രൂക്ഷമായ മഴ മൂലം 39 വീടുകൾ പൂർണമായും 238 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ജില്ലയിൽ 5600ൽപരം കര്‍ഷകരുടെ 5880 ഹെക്ടര്‍ കൃഷി നശിച്ചതായും ഇതിലൂടെ 2144 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

അതേസമയം മലപ്പുറം ജില്ലയിലും രോഗവ്യാപനനം രൂക്ഷമാണ്. ഇന്ന് 254 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 317 പേര്‍ വലിയതുറ സര്‍ക്കാര്‍ യു.പി. സ്‌കൂളിലാണ് കഴിയുന്നതെന്നും കളക്ടര്‍ അറിയിച്ചു. തീരപ്രദേശങ്ങളില്‍ നിന്നും 24 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുമുണ്ട്. ജില്ലയിൽ വെട്ടുകാട്, കൊച്ചുവേളി, കണ്ണാന്തുറ എന്നീ തീരപ്രദേശങ്ങൾ ശക്തമായ കടൽക്ഷോഭം നേരിടുന്നുമുണ്ട്.