ന്യൂഡൽഹി: ചെന്നൈ എയർപോർട്ടിൽ കഴിഞ്ഞദിവസം ഡി.എം.കെ എം.പി കനിമൊഴിക്കുണ്ടായ പോലുള്ള ദുരനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. കനിമൊഴിക്കുണ്ടായത് ഒരു ഒറ്റപ്പെട്ട അനുഭവമല്ലെന്നും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 'ചെന്നൈ വിമാനത്താവളത്തിൽ ഡി.എം.കെ എം.പി കനിമൊഴിക്ക് നേരിടേണ്ടി വന്ന അസുഖകരമായ അനുഭവം അസാധാരണമല്ല. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും സാധാരണക്കാരിൽ നിന്നും എനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. മുഖാമുഖം സംസാരിക്കേണ്ടി വന്നപ്പോഴും ഫോൺ സംഭാഷണങ്ങളിലും പലരും ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിച്ചിട്ടുണ്ട്" ചിദംബരം കുറിച്ചു. ഹിന്ദി ഭാഷ അറിയില്ലെന്നു പറഞ്ഞതിന് ഇന്ത്യക്കാരിയല്ലേ എന്നാണ് ഒരു എയർപോർട്ട് ഉദ്യോഗസ്ഥൻ കനിമൊഴിയോട് ചോദിച്ചത്. എം.പിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.