ന്യൂഡൽഹി: ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് കാശ്മീരിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ. പാർട്ടി ഉത്തരവാദിത്വങ്ങളിൽ നിന്നും തന്നെ മാറ്റണമെന്നും പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നതായും കാണിച്ച് ഷാ ഫൈസൽ പാർട്ടി ഭാരവാഹിക്കൾക്ക് കത്തയച്ചു. 2019 ജനുവരിയിലാണ് ഷാ ഫൈസൽ കാശ്മീരിൽ ജെ.കെ.പി.എം പാർട്ടി ആരംഭിക്കുന്നതിനായി സിവിൽ സർവീസിൽ നിന്നും രാജിവച്ചത്.
2010ലെ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങിയ ആളാണ് ഷാ ഫൈസൽ. 2019ൽ ജെ.കെ.പി.എം പാർട്ടി രൂപികരിച്ചതിന് പിന്നാലെ ഇദ്ദേഹം കാശ്മീരിൽ സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിനിറങ്ങി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും മുസ്ലീങ്ങൾ നേരിടുന്ന അവഗണനയക്കെതിരെയും ഷാ ഫൈസൽ രംഗത്ത് വന്നിരുന്നു.ഇതിന് ശേഷം ഹാർവാഡിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തെ പൊതു സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജൂണിൽ വിട്ടയക്കുകയുമായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം ഷാ ഫൈസലിനെ വീട്ട് തടങ്കലിൽ ആക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സർക്കാർ ഇപ്പോഴും ഷാ നൽകിയ രാജി സ്വീകരിച്ചിട്ടില്ല. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വെബ് സൈറ്റിൽ നിന്നും ഷായുടെ പേര് സർക്കാർ നീക്കം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ രാഷ്‌ട്രീയത്തിൽ നിന്നും പിൻമാറി വീണ്ടും സിവിൽ സർവീസിലേക്ക് മടങ്ങാനാണ് ഷായുടെ നീക്കമെന്നും ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.