മെക്സിക്കോ സിറ്റി : മെക്സിക്കൻ സംസ്ഥാനമായ വഹാകയിൽ കുട്ടികൾക്കായി ജങ്ക് ഫുഡും മധുര പാനിയങ്ങളും വില്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. സംസ്ഥാനത്ത് അമിത വണ്ണവും പ്രമേഹവും ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതുടെ നീക്കം.
ലോകത്ത് അമിത വണ്ണമുള്ള കുട്ടികൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരിടം കൂടിയാണ് വഹാക. ഇതാദ്യമായാണ് ഒരു മെക്സിക്കൻ സംസ്ഥാനം ഇത്തരം നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. ലംഘനം വീണ്ടും ആവർത്തിച്ചാൽ ജയിൽ ശിക്ഷയും ലഭിക്കും.
മെക്സിക്കോയിൽ കൊവിഡ് മരണം 50,000ത്തിലേക്ക് അടുക്കുന്നതിനിടെയാണ് പുതിയ നിയമം. യു.എസിനും ബ്രസീലിനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രാജ്യം മെക്സിക്കോയാണ്. അമിത വണ്ണം, പ്രമേഹം തുടങ്ങിയ അവസ്ഥകളുള്ളവരിൽ കൊവിഡ് സങ്കീർണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മെക്സിക്കോയുടെ ആകെ ജനസംഖ്യയിൽ 73 ശതമാനം പേർക്കും അമിതവണ്ണമുള്ളതായാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ കാർബണേറ്റഡ് പാനിയങ്ങൾ അകത്താക്കുന്നതും മെക്സിക്കോക്കാരാണ്. വഹാകയിലെ പുതിയ നിയമം ജനപ്രതിനിധികൾ സ്വാഗതം ചെയ്തെങ്കിലും വ്യാപാരികൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്. വ്യാപാരികൾക്ക് ജങ്ക് ഫുഡും പാനിയങ്ങളും വില്പന നടത്താമെന്നും എന്നാൽ കുട്ടികൾക്ക് വേണ്ടി വില്ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നുമാണ് വഹാക ഭരണകൂടം പറയുന്നത്.