മുംബയ്: ബ്ലൂംബർഗിന്റെ ശതകോടീശ്വര പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി നാലാമത്. എൽ.വി.എം.എച്ച് ചെയർമാനും സി.ഇ.ഒയുമായ ബെർണാഡ് അർനോൾട്ടിനെ മറികടന്നാണ് ലോകത്തെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയായി മുകേഷ് മാറിയത്. പട്ടികയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരൻ മാത്രമല്ല, ഏഷ്യാക്കാരൻ കൂടിയാണ് മുകേഷ്. വിവിധ നിക്ഷേപങ്ങളിലൂടെ ഈ വർഷം 22 ബില്യൺ ഡോളർ സ്വരൂപിച്ചതോടെ അദ്ദേഹത്തിന്റെ ആസ്തി ഇപ്പോൾ 80.6 ബില്യൺ ഡോളർ (6.04 ലക്ഷം കോടി രൂപ) ആയി. അർനോൾട്ടിന്റെ ആസ്തി 1.24 ബില്യൺ ഡോളർ കുറഞ്ഞ് 80.2 ബില്യൺ ഡോളറായി (60.01 ലക്ഷം കോടി രൂപ). പട്ടികയിൽ അഞ്ചാമതാണ് അദ്ദേഹമിപ്പോൾ.
സിലിക്കൺ വാലിയിലെ വമ്പൻമാരായ എലോൺ മസ്‌ക്, ആൽഫബെറ്റ് ഇൻകോർട്ട് സഹസ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ്, വാറൻ ബഫെറ്റ് എന്നിവരുൾപ്പെടെയുള്ള ശതകോടീശ്വരന്മാരെ മുകേഷ് നേരത്തെ മറികടന്നിരുന്നു. ബ്ലൂംബെർഗ് സൂചികയിലെ ഏറ്റവും മികച്ച 10 സമ്പന്നരിൽ എട്ട് പേർ അമേരിക്കക്കാരാണ്. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് പട്ടികയിൽ മൂന്നാമതാണ്. അദ്ദേഹത്തിന്റെ സമ്പത്ത് ആദ്യമായി 100 ബില്യൺ ഡോളർ കടന്നതിനാൽ ജെഫ് ബെസോസിനും ബിൽ ഗേറ്റ്സിനും ശേഷം ശതകോടീശ്വരനാകുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായി അദ്ദേഹം മാറി. സുക്കർബർഗിന്റെ മൂല്യം ഇപ്പോൾ 102 ബില്യൺ ഡോളറാണ്.