ഭോപ്പാൽ:കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധതയറിയിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊവിഡ് ബാധിതനായിരുന്ന മുഖ്യമന്ത്രി കഴിഞ്ഞയാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. വീഡിയോ കോൺഫറൻസ് വഴി നടത്തിയ കൊവിഡ് അവലോകനയോഗത്തിനിടെയാണ് പ്ലാസ്മ ദാനത്തിന് ശിവരാജ് സിംഗ് ചൗഹാൻ സന്നദ്ധതയറിയിച്ചതെന്നാണ് വാർത്താക്കുറിപ്പ്.
ജൂലായ് 25നായിരുന്നു ചൗഹാന് കൊവിഡ്-19 സ്ഥിരീകരിച്ചത്. തുടർന്ന് 11 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ഈമാസം അഞ്ചിനായിരുന്നു ആശുപത്രി വിട്ടത്. മുൻപ് കൊവിഡ് പോസിറ്റീവായെങ്കിലും താൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും കൊവിഡ്-19നെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ തന്റെ ശരീരത്തിൽ ഉണ്ടാകുമെന്നും അതുകൊണ്ട് പ്ലാസ്മ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി വിട്ടെങ്കിലും ഒരാഴ്ചയായി ക്വാറന്റൈനിൽ കഴിയുകയാണ് ചൗഹാൻ. അതേസമയം, കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പിക്കാനുള്ള പരിശോധന നടത്താതെയാണ് മുഖ്യമന്ത്രി ആശുപത്രി വിട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. ഐ.സി.എം.ആർ മാനദണ്ഡങ്ങൾ അനുസരിച്ച് രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തതെന്നാണ് ആശുപത്രിയുടെ വിശദീകരണം.