home

തെക്കുകിഴക്കിലെ വീടുകളെക്കുറി​ച്ചാണ് ഇത്തവണയും പറയുന്നത്. തെക്കു കിഴക്ക് അഗ്നികോൺ​ ചേർന്ന് വീട് നിന്നാലും വീട് മറ്റു ഏതുഭാഗത്തേയ്‌ക്ക് ദർശനമായി നിന്നാലും തെക്ക് കിഴക്കിലേയ്‌ക്ക് നീണ്ട് വസ്‌തു ഉണ്ടാകരുത്. അത് ഒരു പാട് ദോഷമുണ്ടാക്കും. തെക്ക് കിഴക്കോട്ട് വസ്തു നീണ്ടു നിളുന്നതും ഉത്തമമല്ല. ഇങ്ങനെ വരുമ്പോൾ അത് 90 ഡിഗ്രിയിൽ തന്നെ മതിൽ കെട്ടി തിരിച്ച് പരിഹരിക്കാം. ഇങ്ങനെ ചെയ്യാൻ കഴി​യുന്നി​ല്ലെങ്കി​ൽ കെട്ടുന്ന മതിലിന്റെ തെക്ക് കിഴക്കായി ഒരു ചെറിയ വാതിൽ ഇട്ട് ഊർജവ്യതിയാനങ്ങളെ ക്രമപ്പെടുത്താം. ഇങ്ങനെ ക്രമപ്പെടുത്തുമ്പോൾ ആ വസ്‌തുവിന്റെ വടക്കു കിഴക്കേ ഭാഗത്തും ചെറിയൊരു വാതിൽ വയ്‌ക്കാവുന്നതാണ്. ഇത് നല്ല വാസ്‌തു ബലം തരും.
നേരത്തെ പ്രതിപാദിച്ചതുപോലെ വീടിന്റെ തെക്കുകിഴക്കും ഇങ്ങനെ തള്ളി നിൽക്കുകയോ അത്തരത്തിൽ ഫാഷനുവേണ്ടിയുളള നിർമ്മാണങ്ങൾ നടത്തുവാനും പാടില്ല. അവിടെ പുറത്ത് നിന്ന് ടെറസിലേയ്‌ക്ക് പോകാൻ കോണിപ്പടി പണിയാനും പാടില്ല. അതും ഊർജ ഒഴുക്കിനെ തടസപ്പെടുത്തി വിപരീത ഫലങ്ങൾ ഉണ്ടാക്കാനിടയുണ്ട്.
അടുക്കളയുടെ സ്ഥാനം തെക്കുകിഴക്കാണല്ലോ. അപ്പോൾ സ്വാഭാവികമായും വാഷ് ബെയിസിനിൽ നിന്നുള്ള കഴുകൽ വെള്ളം തെക്കു കിഴക്കേ മൂലയിലേയ്‌ക്ക് വിടാൻ ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്യാൻ പാടില്ല. തെക്ക് കിഴക്ക് വിടാതെ അത് നേർ കിഴക്കിൽ ചെറിയ കുഴിയുണ്ടാക്കി വിടാം.

മതിൽ കെട്ടുമ്പോൾ രണ്ടാമത്തെ ഉയരവും തെക്ക് കിഴക്കേ മൂലയ്‌ക്ക് കൊടുക്കണം. അതായത് മതിലിൽ ഏറ്റവും ഉയരം വേണ്ടത് തെക്കു പടിഞ്ഞാറെ ഭാഗത്തും ഇതിൽ അൽപ്പം താഴ്ന്നിരിക്കേണ്ടത് തെക്കു കിഴക്കുഭാഗവുമാണ്. അൽപ്പം കൂടി താഴ്ന്ന് വടക്ക് പടിഞ്ഞാറെ മൂലയും ഏറ്റവും താഴ്ന്ന് വടക്കുകിഴക്കേ മൂലയും ഇരിക്കണം. മതിൽ കെട്ടുമ്പോൾ കിഴക്കിൽ തുറപ്പുകളോ ജനാലകളോ വയ്‌ക്കാറുണ്ട്. അത് പക്ഷേ തെക്കു കിഴക്കേ മൂലയിൽ വേണ്ട. തെക്ക് കിഴക്കേ മൂലയിൽ നിന്ന് വടക്കോട്ട് ഏറ്റവും കുറഞ്ഞത് 22. 5 ചതുരശ്ര അടിയെങ്കിലും കഴിഞ്ഞേ ജനാലയോ ഗ്രില്ലുകളോ വയ്‌ക്കാവൂ. എന്നാൽ വടക്ക് കിഴക്ക് ഇ‌ഷ്‌ടാനുസരണം ഗ്രില്ലുകളോ തുറപ്പുകളോ ഇടുകയു ചെയ്യാം. തെക്കു കിഴക്ക് മതിൽ യാതൊരു കാരണവശാലും മറ്റുവശത്തെ മതിലുകളേക്കാൾ ഉയരത്തിലിരിക്കരുത്. തെക്ക് കിഴക്ക് അഗ്നിമൂലയെന്ന് പറഞ്ഞ് അവിടെ പൂജാമുറി കെട്ടുന്നവരുണ്ട്, അത് പാടില്ല. നിലവിളക്കിൻ തിരിയിൽ നിന്നുളള അഗ്നി ജ്വലിക്കേണ്ടത് വടക്കുകിഴക്കു ഭാഗമായ ഈശാനത്തിലാണ്. തെക്കുപടിഞ്ഞാറു നിന്നും തെക്കു നിന്നും പ്രവഹിക്കുന്ന ഊർജങ്ങൾ ഗുണപ്രദമായി അനുകൂല പ്രാണികോർജമായി പ്രവഹിക്കേണ്ടത് വടക്കുകിഴക്കാണ്, അഗ്നിയിലല്ല. ഇവിടെ നിലവിളക്ക് കത്തിയിരിക്കുമ്പോൾ ഊർജ വിധാനം ഏറ്റവും അനുകൂലമായ അളവിലേയ്‌ക്ക് മാറ്റപ്പെടുന്ന പ്രക്രി​യയാണ് സംജാതമാകുന്നത്. വടക്കുകിഴക്ക് ജലമൂലയാണ്. ഇവിടെ നിലവിളക്ക് പാടില്ലയെന്ന് പറയുന്ന ചിലരുണ്ട്. ജല മൂല വീട് ഇരിക്കുന്ന വസ്‌തുവിലാണ് അല്ലാതെ വീടീന്റെ വടക്കു കിഴക്കേ മൂലയിലല്ല.


വീടിന്റെ മാസ്റ്റർ ബെഡ്‌റൂം തെക്ക് കിഴക്കേ മൂലയിൽ വരാമോ.?
സുലേഖാ നന്ദകുമാർ, കോരാണി,ആറ്റിങ്ങൽ


അത് പാടില്ല. മാസ്റ്റർ ബഡ്‌റൂം തെക്ക് പടിഞ്ഞാറാണ് വരേണ്ടത്. ചെറിയ കുട്ടികൾക്ക് വേണ്ടിയോ, ലൈബ്രറിയായോ, വായനാ മുറിയായോ തെക്ക് കിഴക്കേ മുറി മാറ്റാവുന്നതാണ്.