lal-vargheese-kalpakavadi

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജോസ്.കെ മാണി വിഭാഗവും പി.സി ജോർജും തനിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായ ലാൽ വർഗീസ് കൽപ്പക‌വാടി. ജോസ്.കെ മാണിയോടും പി.സി ജോർജിനോടും താൻ ഫോണിൽ സംസാരിച്ചു. കർഷകരുടെ സ്ഥാനാർത്ഥിയാണ് താനെന്ന് മാത്രമാണ് ഇരുവരോടും ആമുഖമായി പറഞ്ഞത്. ജയത്തിന്റെയും തോൽവിയുടെയും വിഷയമല്ലിത്. കൃഷി നിലനിൽക്കണമെന്ന് ആഗ്രഹമുള്ളവ‌ർ കർഷക സ്ഥാനാ‌ർത്ഥിയായ എനിക്ക് വോട്ട് ചെയ്യണമെന്ന് മാത്രമാണ് ഞാൻ ജോസിനോടും ജോർജിനോടും ആവശ്യപ്പെട്ടത്. അവർ എനിക്ക് വോട്ട് ചെയ്‌താൽ അതൊരു സിമ്പോളിക്ക് സന്ദേശമായിരിക്കും ജനങ്ങൾക്കിടയിൽ നൽകുക. കാരണം കൃഷിക്കാരെ സംരക്ഷിക്കാനുള്ള വോട്ടായി അത് വിലയിരുത്തപ്പെടും. കേരള കോൺഗ്രസ് സ്വത്വമുള്ളവർ അങ്ങനെ മാത്രമേ ചെയ്യുകയുള്ളൂ. ജോസ് കെ മാണിയും പി.സി ജോർജും ആലോചിക്കട്ടെയെന്ന് മാത്രമാണ് മറുപടി നൽകിയത്. ലാൽ വർഗീസ് കൽപ്പക‌വാടി 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

ജയത്തെക്കാൾ വലിയ സന്തോഷം

ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ഞാൻ കർഷക കോൺഗ്രസിൽ പ്രവർത്തിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ട് പതിനഞ്ച് വർഷമായി. സംഘടനയുടെ ദേശീയ കോ- ഓർഡിനേറ്റർ കൂടിയാണ്. പാർലമെന്ററി രംഗത്ത് കഴിഞ്ഞ കുറേ കാലങ്ങളായി കർഷക കോൺഗ്രസിന് യാതൊരു അംഗീകാരവും കിട്ടിയിരുന്നില്ല. രാജ്യസഭ സ്ഥാനാർത്ഥിത്വം ഞാൻ ആവശ്യപ്പെട്ടിരുന്നില്ല, അറിഞ്ഞതുമല്ല. കെ.പി.സി.സി, ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ കർഷക കോൺഗ്രസിന് സീറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ആയിരം കൃഷി ഭവനുകളിലും യൂണിറ്റുള്ള സംഘടനയാണ് കർഷക കോൺഗ്രസ്. ഗ്രൂപ്പിസമൊന്നുമില്ലാതെ ഒരു ടീമായാണ് പ്രവർത്തിക്കുന്നത്. എന്റെ സ്ഥാനാർത്ഥിത്വം അറിഞ്ഞ ശേഷം നൂറുകണക്കിന് കർഷകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിളിച്ചത്. ഒരു പോഷക സംഘടനയെന്ന നിലയിൽ അതിലുള്ളവർക്കെല്ലാം ലഭിച്ച അംഗീകാരമാണിത്. ജയത്തെക്കാൾ വലിയ സന്തോഷവും അതു തന്നെയാണ്.

ഈ സീറ്റ് ചവിട്ടുപടി

ഈ രാജ്യസഭാ സീറ്റ് ഒരു ചവിട്ടുപടിയാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കർഷക കോൺഗ്രസിന് കൂടുതൽ സീറ്റുകളുണ്ടാകും. നേതൃത്വം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് അതിനുള്ള അർഹതയുണ്ട്. അവകാശവാദം ഉന്നയിക്കുക തന്നെ ചെയ്യും. രാജ്യസഭ സ്ഥാനാർത്ഥിയായി തീരുമാനിച്ച സമയത്ത് ഇതൊരു ചവിട്ടുപടിയായി കരുതണമെന്നാണ് കെ.പി.സി.സി നേതൃത്വം എന്നോട് പറഞ്ഞത്.

ആ നിലപാടിൽ ഉറച്ച്

കഴിഞ്ഞ രണ്ട് പ്രളയത്തിലും ഉണ്ടായ നഷ്‌ടത്തിന്റെ പണം കർഷകർക്ക് നൽകിയോ എന്ന് സംസ്ഥാന സർക്കാർ ആത്മ പരിശോധന നടത്തണം. രണ്ട് പ്രളയങ്ങളും ഇരുപതിനായിരം കോടി രൂപയുടെ കാർഷിക നഷ്‌ടമാണുണ്ടാക്കിയത്. ഇൻഷ്വറൻസ് പദ്ധതികളൊന്നും കൃഷിക്കാരന്റെ കൈയിൽ കൃത്യമായി എത്തിയിട്ടില്ല. കടം എഴുതി തള്ളലല്ല കൃഷിക്കാരന്റെ പ്രധാന ആവശ്യം. ഉത്‌പാദനം നിലനിർത്തണം, വിപണിയുണ്ടാകണം. ഇത് രണ്ടുമാണ് ഒരു കൃഷിക്കാരന്റെ പ്രധാന ആവശ്യം. സുസ്ഥിരമായ കാർഷിക വികസനമാണ് നമുക്ക് വേണ്ടത്. കാലാകാലങ്ങളായി വന്ന നമ്മുടേത് ഉൾപ്പെടെയുള്ള സർക്കാർ ഇതിനായി വലിയ തോതിൽ ഒന്നും ചെയ്‌തിട്ടില്ല. അതേസമയം, യു.പി.എ സർക്കാർ നടപ്പാക്കിയ ആശ്വാസ പദ്ധതികളൊന്നും ഇന്ന് രാജ്യം ഭരിക്കുന്ന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. യു.പി.എയുടെ തൊഴിലുറപ്പ് പദ്ധതിയിൽ പാളിച്ചയുണ്ടായെന്നാണ് നേരത്തെതന്നെ എന്റെ അഭിപ്രായം. പദ്ധതിയുടെ അമ്പത് ശതമാനം കൃഷിക്കാരന് വേണ്ടി മാറ്റി‌വയ്ക്കണമായിരുന്നു. ആ നിലപാടിൽ ഞാൻ ഇന്നും ഉറച്ച് നിൽക്കുന്നു.