ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. യെദ്യൂരപ്പ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഒമ്പത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യെദ്യൂരപ്പയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നത്.
യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഓഫീസിലെ ആറ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു.കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കൊവിഡ് ബാധിച്ച് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളള നാലാമത്തെ സംസ്ഥാനമാണ് കർണാടക.ഇവിടെ ഇതുവരെ 1.78 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3198 പേർ മരണപ്പെടുകയും ചെയ്തു.