modi-pinarayi


ന്യൂഡൽഹി / തിരുവനന്തപുരം: മഴക്കെടുതി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കിയെന്ന് പ്രളയ സാഹചര്യം അവലോകനം ചെയ്യാൻ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ഉദാരമായ സഹായം പ്രതീക്ഷിക്കുന്നു. വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിന് നിബന്ധനകളില്ലാതെ എസ്.ഡി.ആർ.എഫിൽ നിന്ന് തുക വിനിയോഗിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മഴക്കെടുതിയിലെ നഷ്ടങ്ങൾ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മനുഷ്യ ഇടപെടലിന്റെ ഫലമായല്ല ഉരുൾപ്പൊട്ടലുണ്ടായതെന്നും ദുരന്തമുണ്ടാകാൻ സാദ്ധ്യതയുള്ള ഇടമായി രാജമലയെ കണക്കാക്കിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കത്തെ നേരിടാൻ 10 എൻ.ഡി.ആർ.എഫ് കമ്പനികളെ അയച്ചതിനും ഉരുൾപ്പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവർത്തനങ്ങൾക്കും കരിപ്പൂർ വിമാനാപകട സ്ഥലത്ത് കേന്ദ്രം ലഭ്യമാക്കിയ സഹായങ്ങൾക്കും പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

കേരളം, ആസാം, ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് വീഡിയോകോൺഫറൻസ് വഴി പ്രധാനമന്ത്രി ചർച്ച നടത്തിയത്. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. വെള്ളപ്പൊക്കം മുൻകൂട്ടിയറിയാൻ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സ്ഥിരമായ ഏകോപന സംവിധാനം വേണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

പ്രളയക്കെടുതികൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ കൊവിഡ് ജാഗ്രത മറക്കരുതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർദ്ധൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.