ജെറുസലേം: കൊവിഡിന്റെ വരവോടു കൂടിയാണ് സാധാരണക്കാരായ ജനങ്ങൾ മാസ്ക് ധരിക്കാൻ തുടങ്ങിയത്. ഇന്ന് ഇത് ഏവരുടെയും നിത്യ ജീവതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ അതില്‍പോലും ആഢംബരം കാണിക്കാൻ നോക്കുകയാണ് ചില ആളുകൾ. ലക്ഷങ്ങൾ ചിലവാക്കി സ്വർണ മാസ്കുകൾ നിർമിച്ചവരുടെ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ലോകത്തെ ഏറ്റവും വില കൂടിയ മാസ്ക് നിർമിക്കാനൊരുങ്ങുകയാണ് ഇസ്രായേലിലെ ഒരു ജ്വല്ലറി. 18 കാരറ്റ് സ്വര്‍ണത്തില്‍ വെള്ളയും കറുപ്പും നിറത്തിലുളള 3600 ഡയമണ്ടുകള്‍ പിടിപ്പിച്ചാണ് മാസ്ക് നിർമിക്കുന്നത്.ഇതിന് ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലവരും അതായത് 11 കോടി ഇന്ത്യന്‍ രൂപ.യ്വൽ കമ്പനിയുടെ ഉടമയായ ഐസക് ലെവിയാണ് ഈ മാസ്ക് നിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക് വേണമെന്നുളള ഒരു ഉപഭോക്താവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇത് നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ നിര്‍മാണം പൂർത്തിയാക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടതായും ലെവി പറയുന്നു. എന്നാൽ, ഉപഭോക്താവ് ആരാണെന്ന് ലെവി വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയിലെ ചൈനീസ് സ്വദേശിയായ ബിസിനസുകാരനാണെന്ന് മാത്രം ലെവി സൂചന നൽകി.
'പണം നൽകി എല്ലാം സ്വന്തമാക്കാന്‍ കഴിയണമെന്നില്ല, എന്നാല്‍ ഉറപ്പായും ഡയമണ്ട് മാസ്ക് സ്വന്തമാക്കാനാകും. ഇതു ധരിച്ച് പുറത്തിറങ്ങുന്ന വ്യക്തിയെ ജനങ്ങള്‍ ശ്രദ്ധിക്കും. അപ്പോള്‍ അയാൾക്ക് ലഭിക്കുന്ന സന്തോഷമാണ് ഇതില്‍ പ്രധാനം.' ലെവി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡയമണ്ട് മാസ്ക് ധരിക്കാന്‍ ഇഷ്ടപെടുന്നില്ല, എന്നാൽ കൊവിഡ് വെല്ലുവിളി നിറഞ്ഞ സമയത്ത് ഇത്തരം ഒരു ഓര്‍ഡര്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നും ലെവി പറയുന്നു. തന്റെ ജീവനക്കാര്‍ക്ക് ഇതുകാരണം ജോലി നല്കാന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.