india-jarvis

കൊച്ചി: 'സൂഫിയും സുജാതയ്ക്കും' 'മ്യൂസിക്കൽ ചെയറി'നും ശേഷം മലയാളത്തിലെ അടുത്ത ഒ.ടി.ടി റിലീസ് സിനിമാ റിലീസിനൊരുങ്ങി ടോവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ തന്റെ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫ് മലയാള സിനിമാ സംഘടനകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

തീയറ്ററുകൾ തുറക്കുന്നത് വരെ കാത്തിരിക്കുന്നത് സുരക്ഷിതമല്ലെന്നും അതിനിടയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങുമോ എന്ന് താൻ ആശങ്കപ്പെടുന്നതായും ആന്റോ ജോസഫ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം ഓൺലൈൻ ആയി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആന്റോ ജോസഫ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായി ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുമുണ്ട്.

ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് മാസം 12ന് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് കൊവിഡ് സാഹചര്യത്തിൽ തീയറ്ററുകൾ അടച്ചിട്ടത് മൂലം മാറ്റിവയ്ക്കുകയായിരുന്നു. ജിയോ ബേബി സംവിധാനം ചെയുന്ന 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സി'ൽ ടോവിനോ തോമസും അമേരിക്കൻ നടി ഇന്ത്യ ജാർവിസുമാണ് നായികാ നായകന്മാരാകുന്നത്.