പെരുമഴയും കൊടുങ്കാറ്റും കലിപൂണ്ട് നിൽക്കെ കുടജാദ്രിയുടെ മുകളിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. കൂടെയുണ്ടായിരുന്ന പരദേശിയായ സന്യാസി എവിടെയെന്നറിയില്ല. ഈ വിശ്വപ്രകൃതിയെ മുഴുവൻ കാണാവുന്ന ആ മലമുകളിൽ മണ്ണിനെ കെട്ടിപ്പിടിച്ച് ദേവീ എന്നൊരു വിളി. കൊടുങ്കാറ്റ് ശമിച്ചു. മഴ നേർത്ത് ചെറുകാറ്റിൽ അലിഞ്ഞു. ഇപ്പോഴും എനിക്കു കാണാം കൈവെള്ളയിൽ എന്നെ എടുത്ത് ഉമ്മവച്ച മഹാദേവിയെ.
മൂന്നാംകൊല്ലവും ക്ഷുഭിതയായ പ്രകൃതി നമ്മെ മുച്ചൂടും മുക്കാൻ കലിപൂണ്ടു നിൽക്കുമ്പോൾ വർഷങ്ങൾക്കു മുമ്പുണ്ടായ ആ അനുഭവം കണ്ണിൽ നിറയുകയാണ്. ആക്രാന്തം മൂത്ത ജന്മങ്ങളെ തത്കാലം മറക്കാം. എന്താണ് പ്രതിവിധി എന്ന് ചിന്തിക്കാം.
ജീവന്റെ അടിസ്ഥാന ഘടകമാണ് കോശങ്ങൾ. ഒരേ സ്വഭാവമുള്ള കുറേ കോശങ്ങൾ ഒത്തുചേർന്നാണ് കലകൾ രൂപപ്പെടുന്നതെന്നും കുറേ കലകൾ ഒത്തുചേർന്നാണ് ഒരു ഓർഗൻ ഉണ്ടാകുന്നതെന്നും കുറേ ഓർഗനുകൾ ചേർന്നാണ് ഒരു ജീവശരീരം രൂപപ്പെടുന്നതെന്നും ശാസ്ത്രം നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. നമ്മുടെ കൈയും കാലും ഹൃദയവുമെല്ലാം ഓരോ ഓർഗനാണ്. അതുകൊണ്ടാണ് നമ്മൾ എല്ലാം ചെയ്യുന്നത്. പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്നതും വെറുക്കുന്നതും വെട്ടിപ്പിടിക്കുന്നതും നശിപ്പിക്കുന്നതും മാറോടണയ്ക്കുന്നതുമെല്ലാം അതേ ഓർഗൻ കൊണ്ടുതന്നെ. പേമാരിയും ഉരുൾപൊട്ടലും നമ്മുടെ സാങ്കേതിക കണക്കുകൂട്ടലുകളെ തെറ്റിച്ച് നീങ്ങുകയാണ്. കുറേ പാവം മനുഷ്യർ പ്രാണനോടെ മണ്ണിനടിയിലകപ്പെടുന്നു. ചീന്തരുത് പശ്ചിമഘട്ട പർവതനിരയെ എന്ന് മാധവഗാഡ്ഗിൽ പറഞ്ഞതിനെ നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയക്കാരും കപട വികസനവാദികളും ചേർന്ന് തച്ചുടച്ചു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പ്രകൃതിയെ നശിപ്പിക്കുന്ന വെട്ടിപ്പിടിക്കലുകളെയും നിർമ്മാണ പ്രവർത്തനങ്ങളെയും തൂത്തുനീക്കാൻ നടത്തിയ യത്നം കൂടെ നിൽക്കേണ്ടവർ തന്നെ മുന്നിട്ടിറങ്ങി ഇല്ലാതാക്കി. വെട്ടിനിരത്തൽ എന്ന പേരിൽ അതിനുമുമ്പും വി.എസ് പരിഹാസ്യനായിട്ടുണ്ട്. ആ പരിഹാസം ചമച്ചവരും അതിനു വളവും വെള്ളവും ലഹരിയും പകർന്നവരും ഇപ്പോൾ എന്ത് പറയുന്നു എന്ന് കേൾക്കുന്നില്ല. ഒരു പനി വന്നാലോ ഇപ്പോഴത്തെ നിലയിൽ കൊവിഡ് വന്നാലോ ആഴ്ചകൾക്കപ്പുറം അതിന്റെ ആവേശിക്കൽ ശരീരങ്ങളിൽ കുടിപാർക്കില്ല. പക്ഷേ, പ്രകൃതിക്ക് പനി വന്നാൽ അതല്ല സ്ഥിതി. അത് പേമാരിയായും കൊടുങ്കാറ്റായും ഉരുൾപൊട്ടലായും വെള്ളപ്പൊക്കമായും വാരാം. അതാണ് നമ്മൾ കാണുന്നത് . കണ്ടുകൊണ്ടിരിക്കുന്നത്. ഏത് പാതിരാവിലും ഉറങ്ങാൻ ഏതെങ്കിലും ഒരു കൂട്ടുമതി എന്നു കരുതുന്നവരുടേതല്ല ഈ വിശ്വപ്രകൃതി. അവരുടെ ജാഥകൾ പല രൂപത്തിലും ഭാവത്തിലും കടന്നുപോകുന്നുണ്ട്. സമരമായും സത്യഗ്രഹമായും ടെലിഫിലിമായും സീരിയലായും അത് വരാം.
ആവാസവ്യവസ്ഥകൾക്ക് ഏൽക്കുന്ന പരിക്കുകൾ വ്രണമായി പൊട്ടിയൊലിച്ച് പേമാരിയും കൊടുങ്കാറ്റും ഉരുൾപൊട്ടലുമായി പുറത്തുവരാൻ നീണ്ട വർഷങ്ങളെടുക്കും.10 മുതൽ മുപ്പതോ അതിലധികമോ വർഷങ്ങൾക്കു ശേഷമാവും അതിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാവുക. അതുകൊണ്ടാണ് ഒരു നൂറ്റാണ്ടു മുമ്പ് ശ്രീനാരായണഗുരു അരുളിചെയ്തത്. പ്രകൃതിയെ നശിപ്പിക്കരുതെന്ന്. ഒരു വ്യവസ്ഥയുമില്ലാതെ ഈ ഭൂമിയെ ദുർവിനിയോഗം ചെയ്യുന്ന ഒരു ജീവിവർഗമേ ഈ ഭൂമുഖത്തുള്ളൂ. അത് മനുഷ്യനാണെന്നും അവന്റെ ചെയ്തികൾക്ക് ഒരു വ്യവസ്ഥയുമില്ലെന്നും ഗുരു പറഞ്ഞു. പ്രകൃതിയെ ഇങ്ങനെ വ്യവസ്ഥയില്ലാതെ ചീന്തരുതേ എന്ന ആ മുന്നറിയിപ്പു നമ്മൾ കേട്ടില്ല. അതിന്റെ പ്രത്യാഘാതങ്ങൾ എത്ര വലുതായിരിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
വി.എസ് സർക്കാരിന്റെ കാലത്തു നടന്ന മൂന്നാർ കുടിയൊഴിപ്പിക്കൽ, അതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാവികൂടി മണ്ണിട്ട് മൂടുന്ന അവസ്ഥയിലാണ് അവസാനിപ്പിച്ചത്. അതിനുശേഷം 10 വർഷം പിന്നിട്ടപ്പോൾ കേരളം വെള്ളത്തിലായി. 483 ജീവനുകൾ പ്രാണനോടെ മണ്ണിനടിയിലായി. 40,000 കോടി രൂപയുടെ നാശനഷ്ടം. അടുത്തവർഷം പ്രളയം വിഴുങ്ങിയത് 121 ജീവനുകൾ. തുടർച്ചയായി മൂന്നാംകൊല്ലവും അതേ കാലയളവിൽ ഭൂമിയെ കിടുക്കിക്കൊണ്ട് പേമാരിയും കൊടുങ്കാറ്റുമെത്തി. തീരെ പ്രതീക്ഷിക്കാത്ത മേഖലയിലാണ്, ഇക്കുറി പ്രകൃതി താണ്ഡവം തുടങ്ങിയത്. വേദനയോടെ മാധവ ഗാഡ്ഗിൽ കഴിഞ്ഞദിവസം കുറിച്ചത് വായിക്കാം.''എന്നെ തള്ളിപ്പറഞ്ഞവർ സുരക്ഷിതമായി സുഖമായി ജീവിക്കുന്നു, എനിക്കെതിരെ തെരുവിൽ ഇറക്കപ്പെട്ട ആ പാവങ്ങൾ മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ."
കുടിയേറ്റം പ്രധാനമായും രണ്ടു തരത്തിലാണ് സംഭവിക്കുന്നത്. എസ്.കെ പൊറ്റക്കാടിന്റെ വിഷകന്യകയിൽ പറയുന്നതുപോലെ കുടിയേറി പ്രകൃതിയോട് ഏറ്റുമുട്ടി പരാജയപ്പെട്ടവരും ജീവൻ നിലനിറുത്താനായി പിന്നെയും പോരടിച്ചു ജീവിക്കുന്നവരും. മറ്റൊന്ന് ഭൂമിയും അധികാരവും സ്വന്തമാക്കാൻ ആർത്തിപൂണ്ടെത്തിയവർ. അവരാണ് പ്രകൃതിയുടെ യഥാർത്ഥ കൊലയാളികൾ. അവർക്ക് എല്ലാ ഒത്താശകളും ചെയ്യാൻ എല്ലാ പാർട്ടിയിലുംപെട്ട നേതാക്കളുണ്ടാവും. മൂന്നാർ ദൗത്യത്തിൽ അത് കണ്ടതാണ്. പിൽക്കാലത്ത് മൂന്നാറിൽ ചെന്നുപെട്ട ശ്രീറാം വെങ്കിട്ടരാമനു വീണ ഊരാക്കുടുക്കുകളും നമ്മൾ കണ്ടു.
ചേമ്പിലയോ വാഴയിലയോ കൊണ്ട് തലമറച്ച് മഴയിലൂടെ നടന്ന് പള്ളിക്കൂടങ്ങളിലേക്ക് പോകുന്ന ഒരു ബാല്യമുണ്ടായിരുന്നു കേരളത്തിന്. സൗമ്യമായി പെയ്യുന്ന നേർത്ത മഴ. നൂലിഴപോലെ പെയ്തിറങ്ങുന്ന ആ മഴ മണ്ണിലേക്ക് താണുതാണ് ചെറു നീരുറവയായി മാറിയിരുന്നു. അതിൽ പരൽമീനുകൾ തുള്ളിക്കളിച്ചിരുന്നു. ഇടയ്ക്കിടെ മാത്രം ഒന്ന് തിമിർത്ത് ഉലഞ്ഞാടുന്ന ആ പ്രണയമഴക്കാലം എങ്ങോ പോയി മറഞ്ഞു. അങ്ങു ദൂരെ നിന്ന് അനുരാഗ പാരവശ്യത്തോടെ പെയ്തടുക്കുന്ന ആ മഴയെ ഇങ്ങിനി തിരിച്ചുവരാത്തവിധം മനുഷ്യചെയ്തികൾ നാശമാക്കി. പെട്ടെന്ന് അലറിപ്പെയ്ത് എല്ലാം തച്ചുടച്ചു പോകുന്ന പ്രളയമഴയിലേക്ക് കാലം എടുത്തെറിയപ്പെട്ടു. നോഹ എന്ന പ്രവാചകനോട് ദൈവം അരുളിചെയ്തു. മരങ്ങൾ നട്ടുപിടിപ്പിക്കാൻ, പിന്നെ ഒരു കപ്പൽ നിർമ്മിച്ച് മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളുടെയും ഒരോ ഇണകളെ മാത്രം അതിൽ പ്രവേശിപ്പിക്കാൻ. അന്നുവരെ ഉണ്ടായിരുന്ന സർവതിനെയും പ്രളയത്തിൽ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചിരുന്നു. ക്രൈസ്തവ, ഇസ്ലാം മതവിശ്വാസികളുടെ ഈ വേദപാഠംതന്നെയാണ് ഭാരതീയവിശ്വാസ സംഹിതയിൽ നമ്മൾ അതിനു മുമ്പേ വായിച്ചത്. കലികാലം എന്നത് മനുഷ്യന്റെ ആർത്തിയെത്തന്നെയാണ് വരച്ചുകാണിക്കുന്നത്. എന്തുകിട്ടിയാലും മതിവരാതെ പരക്കം പായുന്ന മനുഷ്യരെ നോഹയുടെ പേടകത്തിന് ആവശ്യമില്ല.