-trump

വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിനു പുറത്ത് വെടിവയ്പ്പ്. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ അക്രമി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നാണ് റിപ്പോ‌ർട്ടുകൾ.

ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. അക്രമിയെ പിടികൂടിയ ശേഷം വാർത്താ സമ്മേളനം പുനരാരംഭിച്ചു. വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥന്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് വീഴ്ത്തിയ ആള്‍ ആയുധധാരിയായിരുന്നുവെന്നും ട്രംപ് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പുറത്തുവച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.