കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തിനു കാരണം റൺവേയിലെ വെള്ളമല്ലെന്ന് വിമാനത്താവളത്തിലെ സാങ്കേതിക വിഭാഗം. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണന്ന് അവർ വ്യക്തമാക്കി. റണ്‍വേയില്‍ പെയ്ത മഴവെളളം കൂടുതലായി തങ്ങി നിന്നതാണ് വിമാനം തെന്നി മാറാന്‍ കാരണമായതെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നാണ് സാങ്കേതിക വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
തുടര്‍ച്ചയായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനുണ്ടെങ്കില്‍ പത്തു മിനിറ്റ് കൂടുമ്പോഴും സമയ ദൈര്‍ഘ്യമുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴും റണ്‍വേ പരിശോധിക്കാറുണ്ട്. അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധന നടത്തി ഉറപ്പു വരുത്തിയെന്നാണ് രേഖകള്‍. ഡി ജി സി എയുടെ പ്രാഥമിക റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് ഉടന്‍ നല്‍കും.
റൺവേയ്‌ക്ക് ഒരു തകരാറുമില്ലെന്ന് എയർപോർട്ട് സതേൺ റീജിയണൽ ഡയറക്ടർ ആർ. മാധവൻ പറഞ്ഞിരുന്നു. അപകടം നടന്നയുടൻ വിമാനത്താവള അധികൃതർ വേണ്ടതെല്ലാം ചെയ്തു. ഡി.ജി.സി.എയും എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാവുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്നും ആർ. മാധവൻ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളുടെ ചുമതലയുള്ള ആർ. മാധവൻ ചെന്നൈയിൽ നിന്നാണ് ഇന്നലെ കരിപ്പൂരിലെത്തിയത്. അപകടത്തെ കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ബ്യൂറോയുടെ തെളിവെടുപ്പ് ഇന്നലെയും നീണ്ടു. അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കുമെന്നാണ് വിവരം.