idukki-landslide

ഇടുക്കി: രാജമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അഞ്ചാം ദിവസത്തെ തെരച്ചിൽ ആരംഭിച്ചു. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതിൽ അധികവും കുട്ടികളാണ്. വീടുകൾക്ക് സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാൽ, പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. പുഴയിൽ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ഇന്നലെ മൂന്ന് കുട്ടികൾ അടക്കം ആറുപേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 49 ആയി. കൊവിഡ് ഭീതി ഉള്ളതിനാൽ കർശന ജാഗ്രത പാലിച്ചാണ് തെരച്ചിൽ നടക്കുന്നത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസം സൃഷ്‌ടിക്കുന്നത്. ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കും. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്

മൂന്നാറിലെ തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നെത്തിയവരാണ്. ഇവരെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബന്ധുക്കൾ എത്തിക്കൊണ്ടേയിരിക്കുകയാണ്. ആയിരത്തിലേറെ പേർ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടിൽ നിന്നുള്ളവരെ ചെക്ക്പോസ്റ്റുകളിൽ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അമ്പതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവിൽ പെട്ടിമുടിയിലുണ്ട്. ഇവർക്ക് ഘട്ടം ഘട്ടമായാകും ആന്റിജൻ പരിശോധന നടത്തുക. ഇന്നലെ 10 പേർക്ക് പരിശോധന നടത്തിയിരുന്നു. ആർക്കും കൊവിഡ് പൊസിറ്റീവ് റിപ്പോർട്ട് ചെയ്‌തിട്ടില്ല.

പെട്ടിമുടിയിൽ തെരച്ചിലിനെത്തിയ ആലപ്പുഴയിൽ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സംഘത്തെ പൂർണമായും നിരീക്ഷണത്തിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാൾക്ക് പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടില്ല.