ലക്നൗ: ഉത്തർപ്രദേശിൽ ബി ജെ പി നേതാവിനെ അക്രമികൾ വെടിവച്ചുകൊന്നു. ഇന്നുരാവിലെയായിരുന്നു സംഭവം. പാർട്ടി ബാഗ്പത് മുൻ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറാണ് കൊല്ലപ്പെട്ടത്. സ്വന്തം കൃഷിയിടത്തിൽ പ്രഭാത സവാരിക്കെത്തിയ അദ്ദേഹത്തിനുനേരെ അജ്ഞാതരായ അക്രമികൾ അദ്ദേഹത്തിന് നേരേ വെടിയുതിർക്കുകയായിരുന്നു.
വെടിയൊച്ച കേട്ടെത്തിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമികൾക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനും പ്രതികളെ ഉടൻ അറസ്റ്റുചെയ്യാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
ബാഗ്പതിൽ പാർട്ടി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും നേരെയുളള അക്രമങ്ങൾ കൂടിവരികയാണ്. കഴിഞ്ഞ ജൂണിൽ മറ്റൊരു നേതാവിന്റെ മകനെ അക്രമികൾ വെടിവച്ചുകൊന്നിരുന്നു.