ഉറങ്ങിത്തീർക്കുന്ന രാത്രികൾ ആരും എണ്ണാറില്ല. ഉറക്കമറ്റ രാത്രികളെക്കുറിച്ച് ഇടയ്ക്കിടെ ചിന്തിച്ച് ദുഃഖിച്ചെന്നും വരാം. ഒരിക്കലും കഥയെഴുതാത്ത ശിവൻകുട്ടി അടുത്തിടപഴകിയവരുടെ ദശാബ്ദങ്ങൾ നീണ്ട ജീവിതം മിനികഥകളായി അവതരിപ്പിക്കും. അതു പറയുന്നതിനിടയിൽ തത്വചിന്തകളും ഗുണപാഠങ്ങളും കടന്നുവരും. കഥയെഴുതിയിരുന്നെങ്കിൽ വലിയ കഥാകൃത്താകുമായിരുന്നു. കവിതയെഴുതിയിരുന്നെങ്കിൽ വലിയ കവിയാകുമായിരുന്നു. അതിനുള്ള നിരീക്ഷണബുദ്ധിയും ഭാവനയും ശിവൻകുട്ടിയ്ക്കുണ്ട്. അതിനെപ്പറ്റിയും ശിവൻ കുട്ടി പറയും. വിലക്കുകളും വേലിക്കെട്ടുകളുമുള്ള മുറ്റത്തേക്കാണ് ബാല്യത്തിൽ പ്രകൃതി കളിക്കാൻ വിടുന്നത്. സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ചവർക്ക് സമ്പത്ത് കൊടുക്കില്ല. എത്രവേണമെങ്കിലും പഠിക്കാൻ സാഹചര്യമുള്ളവന് ബുദ്ധിനൽകില്ല. ബുദ്ധിമാനും ഭാവനാശാലിക്കും അതിനൊത്ത സാഹചര്യം കാണില്ല.
സ്വരമാധുര്യമുണ്ടായാലും അറിയപ്പെടാത്ത ഗായകനാകാത്തവരെത്ര! സമ്പത്തും ഐശ്വര്യവുമുണ്ടായാലും മനഃസമാധാനമില്ലാത്തവരെത്ര! കോടതി വരാന്തകളിലും ആശുപത്രിവരാന്തകളിലും ജീവിതം തള്ളി നീക്കുന്നവർക്ക് നഷ്ടമാകുന്നതെന്തെല്ലാം? ഭരിക്കാൻ വേണ്ടി ജനിച്ചവരെന്ന് സ്വയം ഭാവിക്കുന്നവരെ അടക്കി ഭരിക്കുന്ന തീരാദുഃഖങ്ങളുടെ പരമ്പരകൾ എത്രപേർ ചിന്തിക്കും. ശിവൻകുട്ടി കാണുമ്പോൾ ഓരോ കഥ പറയും. പറയുന്ന അഞ്ചോ പത്തോ മിനിറ്റിൽ ആ കഥ ജനിച്ച് മരിക്കും. ഇതൊന്ന് എഴുതി വച്ചു കൂടെ എന്ന് ചോദിച്ചാൽ ശിവൻകുട്ടി ചിരിക്കും. എല്ലാ കഥകളും മടിശ്ശീലയിൽ കെട്ടി കറങ്ങി കൊണ്ടിരിക്കുകയല്ലേ ഭൂമിത്തള്ള. അവർക്കല്ലേ എല്ലാ കഥകളുടെയും പകർപ്പവകാശം.
സമ്പന്നയായ ഒരു മുത്തശ്ശി മരിച്ചപ്പോഴും ശിവൻ കുട്ടിയുടെ നാവിൽ അവർ ഒരു മിനിക്കഥയായി. പുറമേ നിന്ന് നോക്കുന്നവർക്ക് എല്ലാം കൊണ്ടും സൗഭാഗ്യവതി. മക്കൾ വിദ്യാഭ്യാസം നേടി ജോലിയും നേടി. നഗരത്തിലുമുണ്ട് രണ്ടുവീടുകൾ. അമ്മയെ മക്കൾ നഗരത്തിലേക്ക് വിളിക്കുമെങ്കിലും പോകില്ല. കാരണം കുടുംബവീടിനോട് ചേർന്ന വിശാലമായ പുരയിടത്തിൽ രാത്രി തേങ്ങ വീഴും.
ചക്കയും മാങ്ങയും ആരെങ്കിലും മോഷ്ടിച്ചാലോ? ഇങ്ങനെയൊക്കെയാണ് ആശങ്കകൾ. നല്ല വസ്ത്രം ഇഷ്ടമാണെങ്കിലും അതിനായും വലിയ കാശ് ചെലവാക്കില്ല. എത്ര ദൂരം വേണമെങ്കിലും നടക്കും. ഓട്ടോയും കാറുമൊക്കെ ധൂർത്താണെന്ന ചിന്ത. ദിവസവും രാവിലെ പുരയിടത്തിന്റെ അതിരുകളും സർവേക്കല്ലുകളും നോക്കിക്കാണും. ആ കല്ലുകൾ നോക്കി നടക്കുമ്പോൾ നമഃശിവായ ജപിക്കും. അതിന് കാശ് ചെലവില്ലല്ലോ. ക്ഷേത്രത്തിൽ പോയാലും കാശുപോകുന്ന വഴിപാടുകളും പൂജകളും താല്പര്യമില്ല. മരിച്ചപ്പോൾ കുളിപ്പിക്കാൻ വന്നവർ വസ്ത്രം മാറ്റിയുടുക്കാൻ അലമാര തുറന്നപ്പോൾ മക്കളും ചെറുമക്കളും സമ്മാനിച്ച പുത്തൻ കസവുമുണ്ടുകളും നേര്യതുകളും. അതുടക്കുന്നത് ആർഭാടമായി കരുതിയിരിക്കാം. എന്തായാലും കണ്ണിലെ കൃഷ്ണമണിപോലെ പോറ്റിയ ഒന്നാന്തരം പുരയിടങ്ങൾ ചെറുമക്കൾ ഇപ്പോൾ വിറ്റു കാശാക്കുകയാണ്. മുത്തശ്ശിയെ അടക്കം ചെയ്ത സ്ഥലം പോലും ബാക്കി നിറുത്തിയില്ല. ശിവൻകുട്ടിയുടെ മിനിക്കഥ അങ്ങനെ സമാപിച്ചു. ജീവിച്ച് ഒരുഘട്ടമെത്തുമ്പോൾ ഒന്നു തിരിഞ്ഞുനോക്കണം. ഇത്രയും പിശുക്കും ധൂർത്തും സ്വഭാവവൈകല്യങ്ങളും ഇനിയെങ്കിലും തിരുത്തണ്ടേ എന്ന് ചിന്തിക്കണം. എങ്കിലേ അവസാനം ഒരു ശുഭായാത്ര പ്രതീക്ഷിക്കാവൂ. ശിവൻകുട്ടി വാചകം പൂർത്തിയാക്കാതെ പിരിഞ്ഞു.