അനുനിമിഷം ഗതി മാറുന്ന ഒരു സിനിമ പോലെയായിരുന്നു കഴിഞ്ഞ രണ്ടര വർഷത്തിലേറെക്കാലമായി മലയാളിയുടെ ജീവിതം. കണ്ണീരും മധുരവും ആകാംക്ഷയും അമ്പരപ്പും മാറിമാറിവന്ന ദിവസങ്ങളിലൂടെ, തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് ഒരു എത്തും പിടിയും ഇല്ലാതെ, ജീവിതം തുടിയ്ക്കുന്ന ഈ സിനിമ കണ്ടും അനുഭവിച്ചും കഴിയുകയായിരുന്നു ഭൂരിപക്ഷം മലയാളികളും. എന്നാൽ അവരോടൊപ്പം ഈ സംഭവങ്ങളെ ഒന്നാകെ സംഗീത സാന്ദ്രമാക്കി കാവ്യവത്ക്കരിച്ച ഒരു മലയാളി കൂടി നമ്മുടെ ഇടയിലുണ്ട്. കഴിഞ്ഞ ആയിരത്തോളം ദിവസങ്ങളിലെ നിത്യേനയുള്ള പ്രധാന സംഭവങ്ങളെ കവിതയാക്കി, സംഗീതം ചെയ്യിപ്പിച്ച്, ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോൾത്തന്നെ വീഡിയോരൂപത്തിൽ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന ഒരു മലയാളി. 'ഡാം 999" എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി അന്തർദ്ദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടിയ മലയാളികളുടെ അഭിമാനമായ സംവിധായകൻ സോഹൻ റോയ്. അദ്ദേഹം ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ആയിരം വീഡിയോകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ, കഴിഞ്ഞ ആയിരം ദിവസത്തേയും പ്രധാന സംഭവങ്ങൾ ഒന്നുകൂടി ഒന്നൊന്നായി നമുക്ക് അയവിറക്കാനാകും.
'അണു കവിത" എന്ന് നാമകരണം ചെയ്ത, നാലു വരികളിൽ ഉള്ള കവിതകളാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരുന്നത്. അനുവാചകരുടെ ഭാഷ അനുകരിക്കുകയാണ് അവരിലേക്ക് എത്താനുള്ള എളുപ്പമാർഗം എന്ന ആശയവിനിമയത്തിലെ പ്രാഥമിക സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ, സങ്കീർണ്ണ സംഭവങ്ങളെപ്പോലും മുപ്പതു സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന, സംഗീതസാന്ദ്രമായ 'അണു കവിതാ വീഡിയോകളാക്കി " നമുക്കു മുന്നിൽ അവതരിപ്പിക്കുകയാണ്. സമയക്കുറവിൽ വായന മറന്ന, കവിതയിൽ നിന്നകന്നു പോയ, അക്ഷരങ്ങളറിയാതെ ഭാഷ മറന്ന ലക്ഷങ്ങളെ കവിതകളുടെ സ്ഥിരം വായനക്കാരും ശ്രോതാക്കളുമാക്കിയെന്നതാണ് സോഹൻ റോയ് മലയാള കാവ്യലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയെന്ന് പറഞ്ഞാൽ അതൊരു വസ്തുത തന്നെയാണ്.
'അണു " എന്ന വാക്കിന്റെ അപഗ്രഥനം, ആധുനികലോകത്ത് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ വളരെ വിശാലമാണ്. 'വലിപ്പം" കുറയുന്തോറും ഉറപ്പും ശക്തിയും ആഘാത ശേഷിയും പതിന്മടങ്ങ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന അണുബോംബിലുള്ളതുപോലുള്ള പ്രതിഭാസത്തെ വിശേഷിപ്പിക്കുന്ന ഒരു ആശയാർത്ഥമാണ് 'അണു" എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസിൽ വരിക. കവിതയെ 'കാച്ചിക്കുറുക്കി" അവതരിപ്പിക്കുന്ന ശൈലിയാണ് സംസ്കൃതഭാഷയിലെ 'മുക്തക"ങ്ങൾക്കും ഉണ്ടായിരുന്നത്. അതേപോലെ തന്നെ, ആഗോള സാഹിത്യരംഗത്ത് നല്ല പ്രചാരമുണ്ടായിരുന്ന ജപ്പാനിലെ 'ഹൈക്കു" കവിതകളിലും ഇതേ രീതി കാണാൻ കഴിയും. മലയാളഭാഷയിൽ കുഞ്ഞുണ്ണിമാസ്റ്റർ സ്വീകരിച്ച കാവ്യരചനാ സമ്പ്രദായവും ഇത്തരത്തിലുള്ളതായിരുന്നു. ദാർശനികമായ ആശയങ്ങളെ, കൊച്ചുകുട്ടികൾക്കുപോലും മനസിലാവുന്ന വിധത്തിൽ ഏറ്റവും ലളിതമായ ഭാഷ ഉപയോഗിച്ച് രണ്ടോ മൂന്നോ വരികളിൽ കാവ്യവൽക്കരിയ്ക്കുന്ന രീതിയായിരുന്നു കുഞ്ഞുണ്ണിമാഷിന്റേത്. അതുല്യമായ പ്രതിഭാവിലാസം, അപാരമായ അനുഭവപരിചയം, ഇവ രണ്ടിന്റെയും അടിസ്ഥാനത്തിൽ ഉള്ള അസാമാന്യമായ ബൗദ്ധിക വ്യായാമം തുടങ്ങിയവയിലൂടെ മാത്രമേ, കൂടുതൽ ജനങ്ങളിലേയ്ക്ക് സ്വയമേവ ചെന്നെത്തുവാൻ സാധിക്കുന്ന വിധത്തിൽ ഇത്തരം ലളിതമായ വരികൾ സൃഷ്ടിയ്ക്കുവാൻ കഴിയൂ. സ്രഷ്ടാവിനേക്കാൾ ഇത്തരം സന്ദർഭങ്ങളിൽ സൃഷ്ടി വളരുക തന്നെ ചെയ്യും. അണുകാവ്യങ്ങളുടെ രചനയിലും നമുക്ക് കാണാനാവുന്നത് ഇത്തരത്തിലുള്ള ഒരു ശൈലിയാണ്. ആയിരത്തോളം വരുന്ന അണുകാവ്യ രചനകളെ അപഗ്രഥിക്കുമ്പോൾ, കവി ഈ വെല്ലുവിളികളെയാകെ അനായാസം മറികടന്ന്, ദാർശനികശൈലിയ്ക്ക് പുറമേ ഹാസ്യം, ശൃംഗാരം, കരുണം, രൗദ്രം, അത്ഭുതം, വീരം, ശാന്തം തുടങ്ങിയ നവരസാധിഷ്ഠിതമായ ചില ശൈലികൾ കൂടി സ്വീകരിച്ചിരിക്കുന്നത് നമുക്ക് അത്ഭുതത്തോടെ കാണുവാൻ സാധിയ്ക്കും.
അണുകാവ്യ രചനാ സപര്യയിലെ അറുനൂറ്റിയൊന്ന് കവിതകൾ പൂർത്തിയായപ്പോൾ, ആ കവിതകൾ 'അണുമഹാകാവ്യം" എന്ന പേരിൽ, ഒരു പുസ്തകരൂപത്തിൽ പ്രകാശനം ചെയ്യുകയുണ്ടായി. 2019 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും, തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലുമായിരുന്നു പ്രകാശനച്ചടങ്ങുകൾ. ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന കാവ്യദർശം, പിന്നീട് വന്ന കാവ്യാലങ്കാരം, സാഹിത്യദർപ്പണം മുതലായവയിൽ പ്രതിപാദിച്ചിട്ടുള്ള 'മഹാകാവ്യ" ത്തിന്റെ പൊതു നിയമങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട് എഴുതപ്പെട്ട ഒരു പുസ്തകം കൂടിയായിരുന്നു അണുമഹാകാവ്യം. ഏഴിൽ കുറയാത്ത സർഗങ്ങൾ, ഓരോ സർഗത്തിലും അൻപതിൽ കുറയാതെ ശ്ലോകങ്ങൾ, ധീരോദാത്തനായ നായകൻ, പുരുഷാർത്ഥ പ്രാപ്തിക്ക് പ്രയോജനപ്പെടുന്ന ഇതിവൃത്തം, ശൃംഗാരം, വീരം, ശാന്തം തുടങ്ങിയ രസങ്ങൾ മുതലായവയായിരുന്നു മഹാകാവ്യത്തിന്റെ പൊതുലക്ഷണമായി പ്രാചീനകാലത്ത് വിലയിരുത്തിയിരുന്നത്. കേരളത്തിന്റെ ചരിത്രം വിശദമാക്കിയ 'കേരളോദയം" പോലെയുള്ള മഹാകാവ്യ കൃതികളിൽ നായക സ്ഥാനത്ത് നിൽക്കുന്നത് ഒരു 'ദേശം" ആണ്. 'അണുമഹാകാവ്യം" എന്ന ഈ കൃതിയിലാവട്ടെ, നായകസ്ഥാനത്ത് വിഭാവനം ചെയ്യുന്നത് ഇന്നത്തെ സമകാലിക സമൂഹത്തെ തന്നെയാണ്. പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം തുടങ്ങിയ എട്ട് സർഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പ്രകാശനച്ചടങ്ങിൽ വച്ച് , പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ് സോഹൻ റോയ് രചിച്ച 'അണുമഹാകാവ്യം" എന്ന ഈ പുസ്തകം സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി .നാരായണകുറുപ്പ്, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങിയത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ ലക്ഷങ്ങളിലേയ്ക്ക് അണുകാവ്യ രൂപേണ നിത്യവും ഓരോരോ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ, വരികൾക്ക് സമയബന്ധിതമായി അങ്ങേയറ്റം അനുയോജ്യമായ രീതിയിലുള്ള പശ്ചാത്തല ചിത്രങ്ങൾ വരച്ചു ചേർക്കുക, വരികൾക്ക് യോജിച്ച ഈണം നൽകുക തുടങ്ങിയവയും ഇതോടൊപ്പം തന്നെ ചെയ്തുവരുന്ന ഒരു പ്രക്രിയയാണ്. അതുകൊണ്ടുതന്നെ ആയിരം അണു കാവ്യങ്ങൾ പൂർത്തിയായി എന്ന് പറയുമ്പോൾ, ആയിരം വിഷയങ്ങളിലുള്ള വരികൾ മാത്രമല്ല അവയ്ക്ക് അനുയോജ്യമായ ആയിരം പശ്ചാത്തലചിത്രങ്ങളും ആയിരം വ്യത്യസ്തമായ ഈണങ്ങളും കൂടി ആയിരം എന്ന സംഖ്യ തികയ്ക്കുകയാണ്.
രണ്ടര വർഷങ്ങൾക്കു മുൻപ്, കണ്ണൂർ രാഷ്ട്രീയം കത്തിനിന്ന സമയത്ത്, തെരുവിൽ ഇരയായി മരിച്ച ഒരു പച്ച മനുഷ്യന്റെ ശവശരീരത്തിന് മുന്നിൽ നിന്ന് 'അച്ഛാ"യെന്ന് വിളിച്ച് നെഞ്ചകം പൊള്ളി ഒരു കുഞ്ഞു പെൺകുട്ടിയുടെ കണ്ണുനീരാണ് അണുകാവ്യ രചനയ്ക്ക് തുടക്കമിട്ടത്. 'കുരുതി മോക്ഷം " എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ആ സമകാലീന കവിത, ദിവസങ്ങൾക്കകം പത്തു ലക്ഷത്തിനുമേൽ ആൾക്കാരിലേയ്ക്കാണ് സഞ്ചരിച്ചെത്തിയത്. 'കവിത " എന്ന മാദ്ധ്യ മത്തിന്, ആയിരം വരികളേക്കാൾ ശക്തിയും പ്രസക്തിയും ഇന്നുമുണ്ടെന്ന് തിരിച്ചറിയാൻ കവിക്ക് സാധിച്ചതും സമൂഹ മാദ്ധ്യമങ്ങളിലൂടെ ലഭിച്ച ഈ സ്വീകാര്യതയാണ്. തുടർന്ന് എഴുതിയ കവിതകളും ജനമനസുകളിലേക്ക് ഇതേപോലെ സഞ്ചരിച്ചപ്പോൾ എഴുത്ത് തുടരാൻ തീരുമാനിച്ചു.
ഇത്തരത്തിലുള്ള 125 കവിതകൾ പൂർത്തിയാക്കിയ സമയത്ത്, ഡിസി ബുക്ക് സ് 'അണുകാവ്യം" എന്ന പേരിൽ ഇവ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ പുസ്തകം വായിക്കാനിടയായ ശ്രീകുമാരൻ തമ്പി, ടി. പി. ശാസ്തമംഗലം, ഗുരുതുല്യസ്ഥാനീയനായി കവി കരുതിപ്പോരുന്ന പ്രൊഫ. വിവേകാനന്ദൻ സാർ തുടങ്ങിയ അനേകം വിശിഷ്ട വ്യക്തികൾ, തുടർന്നു നൽകിയ പ്രോത്സാഹനമാണ് തനിക്ക് ആയിരം കവിതകളിലേയ്ക്കുള്ള പ്രയാണത്തിന് ശക്തി പകർന്നതെന്ന് കവി സാക്ഷ്യം പറയുന്നു.
സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള സംഗീത സംവിധായകൻ ബി. ആർ. ബിജുറാം ആണ് അണു കാവ്യ യാത്രയിലുടനീളം കവിയോടൊപ്പം യാത്ര ചെയ്തത്. ബിജുറാമിന്റേതായിരുന്നു കവിതകളുടെ സംഗീതസംവിധാനവും ഓർക്കസ്ട്രഷനും. 16 രാജ്യങ്ങളിലായി അറുപതോളം സ്ഥാപനങ്ങളുള്ള, 'ഏരീസ് ഗ്രൂപ്പ്" എന്ന ആഗോളവ്യവസായ ശൃംഖലയുടെ സി.ഇ.ഒ ആയിട്ടും, എല്ലാദിവസവും ഇത്രയും സമയം എങ്ങനെ മാറ്റിവയ്ക്കാൻ സാധിക്കുന്നു എന്ന ചോദ്യമാണ് ഈ രണ്ടര വർഷക്കാലം ഏറ്റവും കൂടുതൽ ആൾക്കാർ തന്നോട് ചോദിച്ച ചോദ്യമെന്ന് സോഹൻ റോയ് പറയുന്നു. ദൈനംദിന സംഭവ വികാസങ്ങളിൽ പരസ്യ നിലപാടുകൾ എടുക്കുവാൻ സ്വന്തം വ്യവസായ താൽപര്യം മുൻനിറുത്തി പലരും മടിച്ചു നിൽക്കുകയാണ് പതിവ്. എന്നാൽ, തനിക്ക് പറയേണ്ടത് ഉറക്കെ പറയാൻ സോഹൻ റോയ് ഒരിക്കലും മടി കാണിച്ചിട്ടില്ല.