കൊച്ചി: എറണാകുളത്തും വയനാട്ടിലുമായി സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. ആലുവ സ്വദേശി എം ഡി ദേവസി (75), വയനാട് സ്വദേശി മൊയ്തു (59) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നു എം ഡി ദേവസി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് കഴിഞ്ഞമാസം 25നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൊയ്തു മരിച്ചത്. കിഡ്‌നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം.
സംസ്ഥാനത്ത് ഇന്നലെ 1184 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 784പേർ രോഗമുക്തരായി. 956 സമ്പർക്ക രോഗികളിൽ 114 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50) അടക്കം പലസ്ഥലങ്ങളിലായി മുൻ ദിവസങ്ങളിൽ മരിച്ച ഏഴുപേരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.