ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ കുടുതൽ രോഗികളുള്ളത്. പുതിയ രോഗികളിൽ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ് കുടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 1.99 ശതമാനമാണ് രാജ്യത്തെ മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതുവരെ 15,83,489 പേർ കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്. തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ 9,181, ആന്ധ്രയിൽ 7,665, കർണാടകത്തിൽ 4,267, തെലങ്കാനയിൽ 1256, തമിഴ്നാട്ടിൽ 5,914 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന.