ബീജിംഗ്: വിവിധ രാജ്യങ്ങളിൽ അതിർത്തി തർക്കങ്ങളും അമിത അധികാര പ്രയോഗവും കൊവിഡും കാരണം ഇടിഞ്ഞ ഇമേജ് തിരികെ പിടിക്കാൻ ചൈന ശ്രമം തുടങ്ങി. ചൈനയുടെ വിദേശകാര്യ മന്ത്രാലയ പ്രതിനിധിയാണ് ഇത്തരത്തിൽ സൂചന നൽകിയത്. കൊവിഡ് പോലെയുളള വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് പൊതുതാൽപര്യമുളള വിഷയങ്ങളിൽ അയൽരാജ്യങ്ങളുമായി ഒത്തുചേർന്ന് തന്നെ പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ത്‌സാവോ ലിജിയാൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയും ചൈനയും തമ്മിലെ സമാധാനപരമായ ബന്ധത്തിന് ഇരുവിഭാഗവും തമ്മിൽ ദൃഢവും സമാധാനപരവുമായ കരാറുണ്ടാകുകയും അവ പാലിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്ക,റഷ്യ,യൂറോപ്യൻ യൂണിയൻ,ജപ്പാൻ എന്നീ രാജ്യങ്ങളുമായും ചൈന സമാധാന ശ്രമങ്ങൾ നടത്തുമെന്ന സൂചനയും ത്‌സാവോ ലിജിയാൻ നൽകി.
അയൽരാജ്യങ്ങളുമായും വികസ്വര രാജ്യങ്ങളുമായും നയപരമായ ബന്ധം വർദ്ധിപ്പിക്കാനും പരസ്‌പര സഹകരണം വർദ്ധിക്കാനുമുളള നടപടികൾ കൈക്കൊള്ളുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. എന്നാൽ ലഡാക്കിൽ നടക്കുന്ന സംഘർഷത്തെയും അതിനെ തുടർന്ന് നടക്കുന്ന ചർച്ചകളെയും കുറിച്ച് ത്‌സാവോ ഒന്നും പരാമർശിച്ചില്ല. ലഡാക്കിൽ പിൻവാങ്ങൽ പ്രക്രിയ ചൈന പൂർണമാക്കിയിട്ടില്ല. ഇരു രാജ്യങ്ങളിലെയും സേനാവൃത്തങ്ങൾ സംഘർഷഭൂമിയിൽ നിന്നും പിൻവാങ്ങുന്നതിനെ കുറിച്ച് ചർച്ചയിലാണെന്ന് മുൻപ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ജുലായ് 30ന് ലഡാക്കിലെ പിൻവാങ്ങൽ പൂർത്തിയായെന്ന ചൈനയുടെ അറിയിപ്പ് ഇന്ത്യ തളളിയിരുന്നു. അതിർത്തിയിലെ സംഘർഷ തീവ്രത കുറക്കാൻ ആത്മാർത്ഥമായ ശ്രമം നടത്താൻ ഇന്ത്യ അന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
യഥാർത്ഥ നിയന്ത്രണരേഖയിലെ സംഘർഷ സാദ്ധ്യതക്കും സേനാ പിൻമാറ്റത്തിനും കുറച്ച് പുരോഗതിയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗം ശ്രീവാസ്‌തവ മുൻപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സേനാ പിൻമാറ്റം ഇനിയും പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. പാംഗോംഗ് തടാകത്തിലും ഡെപ്‌സാംഗിലും സംഘർഷ സാദ്ധ്യതയുളള മേഖലയിൽ ഇപ്പോഴും ചൈനീസ് സാന്നിദ്ധ്യമുണ്ട്.