മാർച്ച് 2019, നെടുമ്പാശേരി വിമാനത്താവളം. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു അഡ്വ. ഷാജി കോടങ്കണ്ടത്ത്. ഇരുന്ന് മുഷിഞ്ഞപ്പോൾ ഒരു ചായ കുടിക്കാനുള്ള തോന്നൽ. കുടിച്ച്കഴിഞ്ഞ്, വില കേട്ടപ്പോൾ കുടിച്ചതെല്ലാം ദഹിച്ചു, 150 രൂപ. മറ്റു സ്റ്റാളിലും വില മാറ്റമില്ല. കട്ടൻചായയ്ക്ക് വില കുറവുണ്ട്, 100 രൂപ. ചെറിയൊരു കപ്പിൽ ചൂടുവെള്ളവും ടീ ബാഗിനുമാണ് ആ വില. വർഷങ്ങളായി ഇന്ത്യക്കാരും വിദേശികളുമെല്ലാം വി.ഐ.പി. ചായ കുടിച്ചു പോന്നു. ഒന്നും മിണ്ടാതെ ചുണ്ട് തുടച്ച്, മനസിൽ കുറ്റപ്പെടുത്തി എല്ലാവരും അതേ മൗനം തുടർന്നു. ദുരഭിമാനം കാരണം ആരും പ്രതികരിച്ചില്ല. ചായയ്ക്ക് എം.ആർ.പി ഇല്ലല്ലോ. വേണമെങ്കിൽ കുടിച്ചാൽ മതി. അത്ര തന്നെ. ഈ പകൽക്കൊള്ള കണ്ട് സഹിച്ചു നിൽക്കാതെ, ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി അയച്ചു.
വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകി. മൂന്ന് മാസത്തിനകം നടപടികളായി. കഴിഞ്ഞ ഡിസംബർ മുതൽ വിലക്കുറവ് നിലവിൽ വന്നു. എന്നാൽ കൊവിഡ് വ്യാപനം മൂലം വിമാനസർവീസുകൾ മുടങ്ങിയതോടെ തീരുമാനം യാത്രക്കാർ അറിഞ്ഞതുമില്ല. വന്ദേഭാരത് മിഷന്റെ ഭാഗമായെത്തുന്നവർ കൊവിഡ്പ്രോട്ടോകോൾ കാരണം ചായ കുടിക്കാൻ തുനിഞ്ഞതുമില്ല. രണ്ടാഴ്ച മുമ്പ് വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് ഷാജിയും വിവരമറിഞ്ഞത്. വില തിരുത്താൻ കാരണക്കാരനായ ഷാജിയ്ക്ക് പിന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമായി. അദ്ദേഹത്തിന്റെ പ്രതികരണം യൂ ട്യൂബിൽ കണ്ടവർ ഇപ്പോൾ ലക്ഷങ്ങളാണ്. എല്ലാ വിമാനത്താവളങ്ങളിലും 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും ലഭ്യമാകുമ്പോൾ അവരെല്ലാം ഷാജിയെയും ഓർക്കും. പ്രവാസികളും തമിഴരും ബംഗാളിയും ഗുജറാത്തിയും തെലുങ്കനുമെല്ലാം അക്കൂട്ടത്തിലുണ്ട്.
എല്ലാ വിമാനത്താവളങ്ങളിലും സാധാരണക്കാർക്ക് കൂടി വാങ്ങാൻ കഴിയുന്ന രീതിയിൽ ടീ സ്റ്റാളുകൾ വേണമെന്ന് ചുണ്ടിക്കാട്ടിയപ്പോൾ വില കുറയ്ക്കുമെന്ന് ഉറപ്പ് നൽകുന്ന പ്രധാനമന്ത്രിയുടെ സന്ദേശവും ഷാജിയെ തേടിയെത്തിയിരുന്നു. വ്യോമയാന മന്ത്രാലയത്തിന് കൈമാറിയ പരാതി, നടപടി ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ വിമാനത്താവള അതോറിറ്റിക്കും കൈമാറിയിരുന്നു. പരാതി പരിഗണിച്ച് ചായ 15, കാപ്പി 20, സ്നാക്സ് 15 എന്നിങ്ങനെ വിൽപ്പന വില ക്രമീകരിച്ചെന്ന് സിയാൽ അറിയിച്ചിരുന്നു.
ചായയും മോദിയും
ചായക്കച്ചവടക്കാരൻ പ്രധാനമന്ത്രിയായതിലുള്ള അസഹിഷ്ണുതയാണ് തനിക്കെതിരേയുള്ളതെന്ന് ആവർത്തിച്ച് പറയാറുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ ഇടപെട്ടതിലുള്ള പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് കൈയടിക്കുന്നവരും സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. എന്നാൽ ഷാജിയുടെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അഭിനന്ദനം. കൈയിൽ നിന്ന് പണം ചെലവാക്കിയും കോടതികളും സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയും വിവരാവകാശ നിയമത്തിൽ പരാതികൾ കൊടുത്തും കുറേ ജനോപകാരപ്രദമായ കുറേ ഉത്തരവുകൾ നേടിയിട്ടും ഇതിന്റെ ഒരംശം പോലും ലൈക്കുകൾ കിട്ടിയിട്ടില്ല. എന്നാൽ 15 രൂപയുടെ ചായ കാര്യത്തിൽ കിട്ടിയത് കൈ നിറയെ ലൈക്കുകൾ. ഫോൺ വിളി കൊണ്ട് പൊറുതിമുട്ടിയപ്പോൾ തലവേദനയുടെ ഗുളിക കഴിച്ചിട്ടാണ് ആ ദിവസങ്ങളിൽ ഉറങ്ങിയതെന്നും ഷാജി പറയുന്നു. ജനത്തിന്റെ കൈയിൽ നിന്ന് പത്തുരൂപ കൂടുതൽ പോയാൽ സാധാരണ അവർ സഹിക്കില്ല. പക്ഷേ, എയർപോർട്ടിൽ വച്ച് തർക്കിക്കുവാൻ യാത്രക്കാരുടെ ഈഗോ അനുവദിക്കാത്തതിനാലാണ് എല്ലാവരും പ്രതിഷേധവും ദേഷ്യവും ഉള്ളിലടക്കിപ്പിടിച്ച് ഇത്രയും കാലം കഴിഞ്ഞത്. എം.എൽ.എ യോ, എം.പി യോ ആയാൽ മാത്രമേ നാടിന്റെ വികസനം നടത്താൻ സാധിക്കുകയുള്ളൂ എന്ന ധാരണ തിരുത്തുവാൻ സാധിച്ചു. നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന മനസ് ഉണ്ടായാൽ നാട്ടിൽ നീതിയും വികസനവും ആർക്കും കൊണ്ടുവരാമെന്ന സന്ദേശം കൊടുക്കുവാൻ കഴിഞ്ഞു. ഷാജി മാതൃകയാകുന്നത് അങ്ങനെയാണ്.