തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ എത്തി. കാസർകോടും മലപ്പുറത്തും ഇത് പത്ത് ശതമാനത്തിന് മുകളിലാണ്.
നൂറ് പേരെ പരിശോധിക്കുമ്പോൾ എത്ര പേർക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നതിന്റെ കണക്കാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറത്തും തിരുവനന്തപുരത്തും കാസർകോടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് നോക്കികാണുന്നത്. ഇക്കാര്യം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വയനാട്, കാസർകോട്, ആലപ്പുഴ ജില്ലകളിൽ 70 ശതമാനം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കിടക്കകകൾ നിറഞ്ഞു. അടുത്ത ഘട്ടം മുന്നിൽ കാണണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ച് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് കൊണ്ടുവരണമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടികാണിക്കുന്നത്. ഈ നിരക്ക് രണ്ട് ശതമാനത്തിൽ നിൽക്കുന്നതാണ് അഭികാമ്യം എന്നും റിപ്പോർട്ട് പറയുന്നു. ആഗസ്റ്റ് ഒന്നു മുതൽ ഏഴുവരെയുള്ള കണക്കുകളിന്മേലാണ് ആരോഗ്യവകുപ്പ് പഠനം നടത്തിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾ കൂട്ടണമോയെന്ന കാര്യം സർക്കാർ തലത്തിൽ തീരുമാനമെടുക്കും.