us-scholar

നോയിഡ: സ്കോളർഷിപ്പോടെ അമേരിക്കയിൽ ഉന്നത പഠനം നടത്തുകയായിരുന്ന ഗ്രേറ്റർ നോയിഡ സ്വദേശിയായ പത്തൊമ്പതുകാരി നാട്ടിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ദാദ്രി ജില്ലയിലെ സുദീക്ഷാ ഭതിയാണ് ബുലന്ദ്‌ഷഹറിന് സമീപത്തുണ്ടായിരുന്ന അപകടത്തിൽ തൽക്ഷണം മരിച്ചത്. ഒരു ബന്ധുവിനൊപ്പം സ്കൂട്ടറിൽ വരുമ്പാേഴായിരുന്നു അപകടം. ബന്ധു പരിക്കേറ്റ് ആശുപത്രിയിലാണ്. സുധീക്ഷ ഈമാസം ഇരുപതിന് അമേരിക്കയിലേക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു.

പൂവാലന്മാരുടെ ആക്രമണത്തിലാണ് സുധീക്ഷ കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്കൂട്ടറിൽ വരികയായിരുന്ന സുധീക്ഷയെ പൂവാലന്മാർ മോശം കമന്റുകളുമായി ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ ബൈക്ക് സ്കൂട്ടറിൽ തട്ടി അപകടമുണ്ടാവുകയായിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സുധീക്ഷയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് ബി എസ് പി നേതാവ് മായാവതി രംഗത്തെത്തിയിട്ടുണ്ട്.

വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന സുധീക്ഷയ്ക്ക് പന്ത്രണ്ടാം ക്ളാസിൽ ഉയർന്ന മാർക്കുലഭിച്ചതോടെയാണ് അമേരിക്കയിൽ സ്കോളർഷിപ്പോടെ ഉന്നത പഠനത്തിനുളള അവസരം ലഭിച്ചത്. 3.80കോടിയുടെ സ്കോളർഷിപ്പായിരുന്നു ലഭിച്ചത്.