jammu-kashmir

ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ 4ജി ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ആഗസ്റ്റ് 16 മുതൽ ജമ്മുവിലെയും കാശ്‌മീരിലെയും ‌ഒരോ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനങ്ങൾ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. രണ്ട് മാസത്തിന് ശേഷം ഇതിന്റെ സ്ഥിതി വിലയിരുത്തുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് പൂർണമായി 4ജി സേവനങ്ങൾ പുന:സ്ഥാപിക്കാനാകില്ല. പരീക്ഷണ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റർനെറ്റ് അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഭീകരവാദ പ്രവർത്തനങ്ങൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങൾ ആദ്യം എത്തിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് ഇവിടെ 4ജി ഇന്റർനെറ്റ് വിഛേദിച്ചത്.

കേന്ദ്ര നീക്കത്തിന് ഒരു വർഷമാകുന്ന വേളയിലാണ് പുതിയ ഇളവുകൾക്ക് സർക്കാർ തയ്യാറെടുക്കുന്നത്. ജമ്മു കാശ്‌മീരിൽ 4ജി ഇന്റർനെറ്റ് സേവനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് കോടതിയിൽ ഹാജരായത്.