മലയാളിയല്ലാതിരുന്നിട്ടും നേഹയെ താരമാക്കിയത് മലയാളസിനിമയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഇവിടേക്ക് എത്തിയതാണ് തന്റെ ജീവിതം മാറ്റിയതെന്ന് നേഹ പറയും. മമ്മൂട്ടിയുടെ കസബ, മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഈ രണ്ടു സിനിമകളും മതി നേഹയെ തിരിച്ചറിയാൻ. ജീവിതത്തിലെ കഷ്ടപ്പാടുകളെയെല്ലാം സ്വയം മാറ്റിയെഴുതി, സ്വപ്നം കണ്ട ജീവിതത്തിലേക്ക് സഞ്ചരിക്കുന്ന ആ മറുനാടൻ സുന്ദരിയുടെ വിശേഷങ്ങൾ...
ഡ്രീമർ, ഫൈറ്റർ, അച്ചീവർ...
അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ ജീവിതത്തിലെ പ്രതിസന്ധികൾ അനുഭവിച്ച് തുടങ്ങിയവളാണ് ഞാൻ. അമ്മ ആറുമാസം ഗർഭിണിയായിരുന്നപ്പോഴാണ് അപകടത്തിൽ അച്ഛന്റെ മരണം. അതോടെ അമ്മ 'കോമ"യിലായി. ഏഴാം മാസത്തിൽ ഡോക്ടർമാർ ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നവജാത ശിശു ജീവിക്കുമോ മരിക്കുമോയെന്ന് ഡോക്ടർമാർക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥ. ഡ്രീമർ, ഫൈറ്റർ, അച്ചീവർ... എന്നെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സ്വപ്നങ്ങൾ പോരാടി നേടിയെടുത്ത പെൺകുട്ടി. ഒരു മിഡിൽ ക്ളാസ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഡെറാഡൂൺ കോടതിയിലെ ക്രിമിനൽ വക്കീലായിരുന്നു അച്ഛൻ രാകേഷ് കുമാർ സക്സേന. അമ്മയുടെ പേര് അമ്മു സക്സേന. അച്ഛന്റെ മരണശേഷം അമ്മ മാനസികമായി തളർന്നു. അമ്മയ്ക്ക് സന്തോഷം കൊടുക്കണമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. കോമാ സ്റ്റേജിൽ നിന്ന് അമ്മ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കുറച്ച് സമയമെടുത്തു. അമ്മയ്ക്ക് നീലോഫർ എന്നുപേരുള്ള ഒരു ജേർണലിസ്റ്റ് സുഹൃത്തുണ്ടായിരുന്നു. അഞ്ചുവയസുവരെ എന്നെ നോക്കിയത് അവരാണ്. എനിക്ക് അഞ്ചുവയസായപ്പോഴേക്കും അമ്മ പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നു. അമ്മ പാർട് ടൈം ജോലിക്കൊപ്പം പഠനവും തുടർന്നു. ചാർട്ടേർഡ് അക്കൗണ്ടൻസി പാസായി.
സിനിമ സംഭവിക്കുന്നത് ഇങ്ങനെ
എട്ടാം ക്ളാസിൽ പഠിക്കുന്ന സമയത്ത് നഴ്സറി മുതൽ അഞ്ചാംക്ളാസുവരെയുള്ള കുട്ടികൾക്ക് ഞാൻ ട്യൂഷനെടുക്കുമായിരുന്നു. എന്റെ നാടായ ഡെറാഡൂൺ നല്ല തണുപ്പുള്ള സ്ഥലമാണ്. അമ്മ കമ്പിളിക്കുപ്പായങ്ങളും ജാക്കറ്റുമൊക്കെ തുന്നുന്നതിൽ എക്സ്പേർട്ടായിരുന്നു. അമ്മ നിവൃത്തിയില്ലാതെ ബന്ധുക്കളെയൊക്കെ സമീപിച്ചതാണ്. പക്ഷേ ആരും സഹായിച്ചില്ല. പണ്ട് ബോർഡ് എക്സാമിനുള്ള ഹാൾടിക്കറ്റ് വാങ്ങാൻ മുന്നൂറ് രൂപപോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു. ബോർഡ് എക്സാം എഴുതിയില്ലെങ്കിൽ എന്റെ ഒരു വർഷം പോകും. ഞാനൊരു വീട്ടിൽ വേലക്കാരിയായി ജോലി ചെയ്താണ് ആ പണം സ്വരൂപിച്ചത്. ബംഗളൂരുവിൽ ഏവിയേഷൻ ട്രെയിനിംഗും ഹോട്ടൽ മാനേജ്മെന്റ് ട്രെയിനിയായും പിന്നീട് ലീലാ പാലസിൽ ജോലിയുമൊക്കെ ചെയ്തു. ബംഗളുരു ഇന്ത്യയുടെ ഒരു പരിച്ഛേദമാണ്. എല്ലാ നാട്ടിൽനിന്നുമുള്ള ആൾക്കാർ അവിടെയുണ്ട്. ലീലാ പാലസിൽ ജോലി ചെയ്യുമ്പോഴാണ് ഫാഷൻ ഷോ ചെയ്യണം. സിനിമ ചെയ്യണമെന്നൊക്കെയുള്ള മോഹം തുടങ്ങിയത്.
'നോ ' പറഞ്ഞിട്ടുണ്ട്
അമ്മയ്ക്ക് ആദ്യം സുരക്ഷിതമായി ജീവിക്കാനുള്ള വഴിയൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം. ബംഗളൂരു ക്ളബ് മഹീന്ദ്ര ഹോളിഡേയ്സിൽ ജോലി ചെയ്യുമ്പോഴാണ് ഫാഷൻ ഷോകൾ ചെയ്ത് തുടങ്ങുന്നത്. സിനിമകൾക്കായി ഒാഡിഷനും ചെയ്തു. അതിൽ കുറെ മോശം അനുഭവങ്ങളുണ്ടായി. ആ സമയത്ത് 'കാസ്റ്റിംഗ് കൗച്ച്" എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്ക് പോലും കേട്ടിട്ടില്ല. ഒാഡിഷനുകൾക്ക് പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്, എന്റേത് നല്ല കണ്ണുകളാണ്, നല്ല ഫീച്ചേഴ്സാണ്. ഒാഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ- ഒാർഡിനേറ്റർമാരിൽനിന്നോ മോശമായ ഫോൺകാളുകൾ വരാൻ തുടങ്ങി. ''നേഹാ... നാളെ ഒരു ഷോർട്ട് ഡ്രസിട്ട് വരാൻ പറ്റുമോ?" എന്നായിരിക്കും ചോദ്യം. എന്തിനാ ഷോർട്ട് ഡ്രസിട്ട് വരുന്നതെന്ന് ചോദിച്ചാൽ ''സിനിമയിൽ ഗ്ളാമർ റോളാണ്. മാഡം ഒാഡിഷന് വന്നത് സൽവാർ കമ്മീസിട്ടിട്ടല്ലേ."" എന്നായിരിക്കും മറുപടി. ''വെസ്റ്റേൺ കോസ്റ്റ്യൂംസ് സ്ക്രീനിൽ കാണാൻ ഭംഗിയാണ്. പക്ഷേ നേരിൽ കാണാൻ അങ്ങനെയല്ല."" ഞാനവരോട് പറഞ്ഞു. പലയിടത്ത് വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് പിന്നെയും അവർ വിളിച്ചെങ്കിലും ഞാൻ പോയില്ല. പിന്നീടാണ് അതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് മനസിലായത്.
സർപ്രൈസുകൾ ഓരോന്നായി
ബംഗളൂരുവിൽ എന്റെയൊരു ഫാഷൻ ഷോ കണ്ടാണ് എച്ച്. രാജശേഖർ സർ എന്നെ വിളിക്കുന്നത്. ആ സമയത്ത് നീളൻ മുടിയായിരുന്നു എനിക്ക്. എന്റെ ഉയരം അഞ്ചടി ഏഴിഞ്ചാണ്. എന്റെ തലമുടിക്കും അത്ര തന്നെ നീളമുണ്ടായിരുന്നു.കോ-ഒാർഡിനേറ്ററോട് എച്ച്. രാജശേഖർ സർ "ആരാണ് ഇൗ കുട്ടി? എനിക്ക് വലിയ ഇഷ്ടമായി. എന്റെ സിനിമയിൽ നായികയായി വക്കീലിന്റെ വേഷം അവതരിപ്പിക്കാൻ അനുയോജ്യയാണ് ഈ കുട്ടി"യെന്ന് പറഞ്ഞു. അതിന് ശേഷം തെലുങ്കിലും തമിഴിലും കന്നഡയിലുമൊക്കെ എനിക്ക് സിനിമകൾ കിട്ടി. ഒടുവിൽ മലയാളത്തിലും. കസബയിലും മുന്തിരിവള്ളികൾ തളിർക്കുമ്പോഴും അങ്ങനെ സംഭവിച്ചു. മലയാളത്തിലെ ആദ്യ രണ്ട് സിനിമകളും രണ്ട് സൂപ്പർസ്റ്റാറുകളോടൊപ്പം. ഭാഗ്യവതിയാണ് ഞാൻ.