ന്യൂഡൽഹി: ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ നിർണായക വിധിയുമായി സുപ്രീംകോടതി. പെൺമക്കൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി പെൺമക്കൾ ജീവിതാവസാനംവരെ തുല്യ അവകാശമുളള മക്കൾ തന്നെയാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായി മൂന്നംഗ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു. സ്ത്രീ,പുരുഷന്മാർക്ക് തുല്യ പരിഗണന നൽകുന്നതായിരുന്നു ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം. ഭേദഗതിയിലെ നിയമപ്രശ്നങ്ങൾ ചോദ്യം ചെയ്തുളള ഹർജികളിലാണ് വിധി.
ഭേദഗതി മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ചു കൊണ്ടാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2005ലെ ഭേദഗതി നിലവിൽ വന്ന സമയത്ത് അച്ഛൻ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. 2005 ൽ നിയമം നിലവിൽ വന്ന കാലം മുതൽ തന്നെ സ്വത്തിൽ അവകാശം ലഭിക്കും.