man

1973-ൽ റിലീസ് ചെയ്ത സിനിമയാണ് , 'ശാസ്ത്രം ജയിച്ചു , മനുഷ്യൻ തോറ്റു' . ഏതാണ്ട് അരനൂറ്റാണ്ടിനിപ്പുറം ആ ശീർഷകത്തിന് പ്രസക്തിയേറുകയാണ്. ശാസ്ത്രമേ ജയിക്കൂ, മത്സരത്തിൽ മനുഷ്യനേ തോൽക്കൂ.. ഈ തത്വത്തിന്റെ ദുരന്ത ദൃഷ്ടാന്തങ്ങളാണ് ആവർത്തിക്കുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കടലാക്രമണവും. ഓഗസ്റ്റ് ഏഴെന്ന ദുഃഖവെള്ളിയാഴ്ച കരിപ്പൂരിലെ വിമാനാപകടം കൊണ്ട് കൂടുതൽ ഭാരപ്പെട്ടു, അതിവർഷത്തിൽ ഈ ദുരന്തങ്ങൾ അനിവാര്യമാണെന്ന് നമ്മൾ വിചാരിക്കുന്നെങ്കിൽ അതാണ് ഏറ്റവും വലിയ ബൗദ്ധിക ദുരന്തം. മഴയെ നിയന്ത്രിക്കാനാവില്ല. കടലിനെ നിയന്ത്രിക്കാനാവില്ല. പ്രളയത്തെയും പൂർണമായി നിയന്ത്രണവിധേയമാക്കാൻ സാധിക്കില്ല. പക്ഷേ നമുക്ക് സ്വയം നിയന്ത്രിക്കാനാകും. പ്രകൃതിയുടെ ഈ പ്രതിഭാസങ്ങൾക്കു മുൻപിൽ പരാജയപ്പെടുന്നില്ലെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ആ സ്വാതന്ത്ര്യം പ്രയോഗിക്കേണ്ട സന്ദർഭങ്ങളിൽ നമ്മൾ പ്രായോഗിക വാദികളും സാഹസികതയിൽ അഭിമാനിക്കുന്നവരുമായി സ്വയം രൂപാന്തരപ്പെടും. അപകടം, പതിയിരിക്കുന്ന സ്ഥലങ്ങളിൽ വീടുവച്ചവരെ കുറ്റപ്പെടുത്തുകയല്ല. അവർക്ക് മെച്ചപ്പെട്ട സ്ഥലം കിട്ടാത്തത് കൊണ്ടാണല്ലോ അപകടസാദ്ധ്യതയെ അവഗണിക്കാൻ അവർ പ്രേരിതരായത്. നിയമവ്യവസ്ഥ അവരെ തടയുകയോ സുരക്ഷിതമായ സ്ഥലം കാട്ടിക്കൊടുക്കുകയോ ചെയ്തില്ലല്ലോ. കടലിൽ മീൻപിടിക്കുന്നവർ കടപ്പുറത്തല്ലാതെ എവിടെ താമസിക്കും? പുഴയിൽ വെള്ളം പൊങ്ങുന്നത് കരയിൽ താമസിക്കുന്നവരുടെ മാത്രം കുറ്റമല്ലല്ലോ. ഇങ്ങനെ അനേകം നീതീകരണങ്ങൾ നമുക്ക് കണ്ടുപിടിക്കാനാവും; അതിലെല്ലാം വാസ്തവവുമുണ്ടാകും. ജീവാപായമുണ്ടായ ഏതൊരാപകടത്തിന്റെയും കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായി അന്വേഷിക്കുകയെന്നതാണ് പരിഷ്കൃത സമൂഹങ്ങളുടെ ശീലം.

ട്രെയിൻ അപകടങ്ങളിലും വിമാനാപകടങ്ങളിലും ഈ അന്വേഷണത്തിന്റെ ശുഷ്‌കാന്തി നമ്മൾ കാണാറില്ലേ. കരിപ്പൂരിൽ നടന്ന അപകടത്തെക്കുറിച്ച് അന്വേഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആരുടെയെങ്കിലും ഭാഗത്തു വീഴ്ചയുണ്ടായോ എന്ന് കണ്ടുപിടിക്കുക മാത്രമല്ല, കാരണങ്ങൾ കണ്ടെത്തുക കൂടിയാണ് ഇത്തരം അന്വേഷണങ്ങളുടെ ലക്ഷ്യം. പത്തുവർഷങ്ങൾക്ക് മുമ്പ് തേക്കടിയിൽ ബോട്ട് മുങ്ങി അനേകം സന്ദർശകർ മരിക്കാൻ കാരണം സുരക്ഷാ ജാക്കറ്റുകൾ ഉപയോഗിക്കാത്തതായിരുന്നല്ലോ. ഹെൽമെറ്റിനെതിരെ സമരം സംഘടിപ്പിച്ചവരും! സുരക്ഷയുടെ കാര്യത്തിൽ കുറ്റകരമായ ലാഘവബുദ്ധി കാട്ടുന്ന ഒരു ജനതയാണ് നമ്മൾ. പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ അൻപതോളം പേരാണ് ഞൊടിനേരം കൊണ്ട് മരണപ്പെട്ടത്. പ്രകൃതിക്ഷോഭം കൊണ്ടുള്ള അപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശാസ്ത്രീയ അന്വേഷണസമിതികളെ നിയോഗിക്കുന്ന പതിവ് നമുക്കില്ല. ആരുടേയും കുറ്റം കൊണ്ടല്ലല്ലോ പ്രകൃതിക്ഷോഭമുണ്ടായത്, പിന്നെ എന്തന്വേഷണം എന്നാണ് നമ്മുടെ പതിവ് വിചാരഗതി. ആർക്കെങ്കിലും എതിരെ മാത്രമേ അന്വേഷണം നടത്താവൂ എന്നത് ശാസ്ത്രീയ സമീപനമല്ല. ജീവാപായത്തിനു കാരണമായ പ്രകൃതിയുടെ പ്രത്യേക അവസ്ഥ എങ്ങനെ സംജാതമായി, ഇത് ഒഴിവാക്കാൻ കഴിയുമായിരുന്നോ, ഭാവിയിൽ ഇതേപോലുള്ള അപകടം ഒഴിവാക്കുന്നതിന് എന്ത് ചെയ്യണം എന്നീ കാര്യങ്ങൾ ശാസ്ത്രീയമായി പഠിക്കണമെന്നു നിർബന്ധിക്കുന്ന നിയമമുണ്ടാകണം. അത്തരം അന്വേഷണങ്ങൾ നടത്താതിരിക്കുന്നത് അശാസ്ത്രീയവും അപരിഷ്കൃതവുമാണെന്ന് മാത്രമല്ല, മനുഷ്യജീവനെ നിസാരവത്ക്കരിക്കലുമാണ്.

ഇഷ്ടമില്ലാത്ത ശുപാർശകൾ കേൾക്കേണ്ടിവരുമെന്നു വിചാരിച്ചാണോ നമ്മൾ ഈ രീതി അവലംബിക്കാത്തതെന്നു ആലോചിക്കേണ്ടതാണ്. നിഗമനങ്ങൾ എന്ത് തന്നെയായാലും ശാസ്ത്രീയമായി സാംഗത്യമുള്ള ശുപാർശകൾ നടപ്പാക്കാനുള്ള ബാദ്ധ്യത കൂടി സമൂഹവും തദ്ദേശസ്ഥാപനങ്ങളും സർക്കാരുകളും ഏറ്റെടുക്കണം. എങ്കിൽ മാത്രമേ ഒഴിവാക്കാവുന്ന അപകടങ്ങൾ ആവർത്തിക്കാതിരിക്കൂ. പരിസ്ഥിതിയുടെ കാര്യത്തിൽ ഇതുവരെ അവലംബിച്ചിരുന്ന ജാഗ്രതകൾ ദുർബലമാക്കപ്പെടാൻ പോകുന്നതിന്റെ അപായമണികൾ മുഴങ്ങിക്കഴിഞ്ഞു. പാരിസ്ഥിതികാഘാത പഠനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾക്കു കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾ ആരെയാണ് സന്തോഷിപ്പിക്കുന്നത്? ജാഗ്രത വർദ്ധിപ്പിച്ചില്ലെങ്കിൽ അപകടമാണെന്ന് പ്രകൃതി ഇതിലും വ്യക്തമായി എങ്ങനെ പറയും? തീരദേശത്തെ നിർമാണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമങ്ങളും വനസംരക്ഷണ നിയമങ്ങളും ഭൂമിയുടെ ഉപയോഗത്തെ സംബന്ധിക്കുന്ന നിയമങ്ങളുമെല്ലാം താത്‌കാലികമായ ലാഭങ്ങളുടെ പേരിലും അതിജീവനത്തിന്റെ പേരിലും, സാമ്പത്തികവികസനത്തിന്റെ പേരിലും ദുർബലമാക്കാനുള്ള പ്രേരണയെ ശാസ്ത്രീയമായ അവബോധം കൊണ്ട് പ്രതിരോധിക്കേണ്ട സമയമാണിപ്പോൾ.

പശ്ചിമഘട്ടത്തെ സംരക്ഷിച്ചില്ലെങ്കിൽ കേരളത്തിലെ ജനജീവിതം താറുമാറാകുമെന്നു മാധവ് ഗാഡ്ഗിൽ പറഞ്ഞതിൽ വാസ്‌തവമുണ്ടെന്നു പറയുന്നവനെ രാജ്യദ്രോഹിയാക്കാതിരിക്കാം. വിദഗ്ധർ മുമ്പോട്ട് വയ്ക്കുന്ന ശുപാർശകൾക്കു ജനകീയതകൊണ്ട് ഹരിച്ചു കിട്ടുന്ന വിലമാത്രമേ നമ്മൾ പലപ്പോഴും കൽപ്പിക്കാറുള്ളൂ. ശാസ്ത്രമേ ആത്യന്തികമായി ജയിക്കൂ. ശാസ്ത്രം തോൽക്കുകയും മനുഷ്യൻ ജയിക്കുകയും ചെയ്യുകയെന്നത് സംഭവ്യമല്ല. എങ്കിലും നമ്മൾ അതൊന്നും ശ്രദ്ധിക്കാതെ ചില വ്യാമോഹങ്ങളുടെയും വ്യാജസംതൃപ്തികളുടെയും നിഴലുകളെ അനുഗമിക്കുകയാണ് ചങ്ങമ്പുഴയുടെ വരികൾ കടമെടുത്താൽ, “ചപല വ്യാമോഹങ്ങൾ ആനയിക്കും ചതിയിൽപ്പെടാൻ ഞാൻ ഒരുക്കമല്ല” എന്ന് ഓരോ മലയാളിയും പറയേണ്ട സമയമായി.