തിരുവനന്തപുരം: സെൻട്രൽ ജയിലിലെ തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. രോഗ ഉറവിടം വ്യക്തമല്ലെന്നും ഇയാളുമായി സമ്പർക്കത്തിലായവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
അതിനിടെ വർക്കല എസ് ആർ മെഡിക്കൽ കോളേജിൽ റിമാൻഡ് പ്രതികൾക്കായി ഒരുക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രം മാറ്റണമെന്ന് ജയിൽ വകുപ്പ് ആവശ്യപ്പെട്ടു. മതിയായ സുരക്ഷ ഒരുക്കാൻ കഴിയാത്തതിനാൽ ആശുപത്രിയിൽ നിന്ന് പ്രതികൾ രക്ഷപ്പെടുന്നത് പതിവായതിനാലാണ് ഈ ആവശ്യമുന്നയിച്ചത്. നിരീക്ഷണകേന്ദ്രം സ്ഥാപിക്കാനുളള മറ്റ് ആറ് സ്ഥലങ്ങൾ നിർദ്ദേശിച്ച് ജയിൽവകുപ്പ് കളക്ടർക്ക് കത്തുനൽകുകയും ചെയ്തു.
അതേസമയം. ജില്ലയിൽ കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. ഇന്നലെ 200 പേർക്കാണ് ജില്ളയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 178 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവർത്തകർക്കിടയിലും രോഗം വ്യാപിക്കുകയാണ്.