തിരുവനന്തപുരം: കൊവിഡ് കാലം കഴിയുമ്പോൾ ഇപ്പോൾ അധികം ആളനക്കമില്ലാതെ കിടക്കുന്ന തമ്പാനൂരിൽ സ്ഥിതി പഴയതുപോലെയാവും. അപ്പോഴേക്കും ഗതാഗതക്കുരുക്കും തുടങ്ങും. വാഹന പാർക്കിംഗിനായി നെട്ടോട്ടമോടേണ്ടിയും വരും. എന്തായാലും അത് മുന്നിൽകണ്ട് കൊവിഡ് കാലമായിട്ടുകൂടി തമ്പാനൂരിൽ പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ പൊന്നറ പാർക്കിന് സമീപം ബഹുനില പാർക്കിംഗ് മന്ദിരത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് തലസ്ഥാന നഗരസഭ. ഇന്നലെ മേയർ കെ.ശ്രീകുമാർ നിർമാണോദ്ഘാടനം നിർവഹിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമാണം. അടുത്തകൊല്ലം ഡിസംബറിൽ പണി പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാല് നിലകൾ, 22 കോടി
തമ്പാനൂരിൽ റെയിൽ കല്യാണ മണ്ഡപത്തോട് ചേർന്നുള്ള നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് പാർക്കിംഗ് സമുച്ചയം ഒരുങ്ങുന്നത്. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പാർക്കിംഗ് സ്ഥലമായ ഇവിടെ ഇപ്പോൾ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാമെങ്കിലും അതുകൊണ്ടെന്നും ഇവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. സെൻട്രൽ റെയിൽവേ സ്റ്റേഷന്റെയും ബസ് സ്‌റ്റാൻഡിന്റെയും പാർക്കിംഗ് കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾ റോഡുവക്കിൽ പാർക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്.
നാലു നിലകളിലായാണ് ബഹുനില പാർക്കിംഗ് കേന്ദ്രം നിർമ്മിക്കുക. 22 കോടിയാണ് നിർമാണ ചെലവ്. ഹെതർ കൺസ്ട്രക്ഷൻസിനാണ് നിർമാണ ചുമതല. ഒരേസമയം 22 കാറുകളും 400 ബൈക്കുകളും പാർക്ക് ചെയ്യാനാകും. കെ.എസ്.ആർ.ടി.സിയുടെ പാർക്കിംഗ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ളതിനാലാണ് ഇവിടെ ടൂ വീലർ പാർക്കിംഗിന് കൂടുതൽ സ്ഥലം അനുവദിച്ചത്.
പ്രത്യേകതകൾ
മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്കിംഗ്
ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സംവിധാനം
24 മണിക്കൂർ സി.സി.ടി.വി നിരീക്ഷണം
ഡ്രൈവർക്ക് എൻട്രി പാസ്
വാഹനത്തിന്റെ എൻട്രിക്കും എക്‌സിറ്റിനും ബൂം ബാരിയേഴ്സ്
പാർക്കിംഗ് ഫീസ് ഡിജിറ്റലായി അടയ്ക്കാം
വാഹനങ്ങളുടെ എണ്ണം, പാർക്കിംഗ് ഒഴിവ് എന്നിവ ആപ്പിൽ അറിയാം
നഗരസഭ ആസ്ഥാനത്ത്
മ്യൂസിയത്തിനടുത്ത് നഗരസഭ ആസ്ഥാന വളപ്പിൽ നിർമിച്ച വാഹന പാർക്കിംഗ് കേന്ദ്രം പണി പൂർത്തിയായി ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്. ഏഴ് നിലകളിലായി 102 കാറുകൾ ഇവിടെ പാർക്ക് ചെയ്യാനാകും. അമൃത് പദ്ധതി പ്രകാരം 5.64 കോടിയാണ് പാർക്കിംഗ് കേന്ദ്രത്തിനായി ചെലവിട്ടത്. പൂർണമായും യന്ത്രവത്കൃത സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. കോയമ്പത്തൂരിലെ സീഗർ എന്ന കമ്പനിയാണ് പാർക്കിംഗ് കേന്ദ്രം നിർമ്മിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് നിർമ്മാണം തുടങ്ങിയത്. കൊവിഡിനെ തുടർന്നാണ് ഉദ്ഘാടനം വൈകുന്നത്.
മെഡി.കോളജിലും പുത്തരിക്കണ്ടത്തും വരും
തിരക്കേറിയ മെഡിക്കൽ കോളേജിലും ബഹുനില പാർക്കിംഗ് കേന്ദ്രം നഗരസഭ നിർമ്മിക്കുന്നുണ്ട്. 22 കോടിയാണ് ചെലവ്. 250 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് 216 കാർ, 45 ഓട്ടോറിക്ഷ, 240 ബൈക്ക് എന്നിവ പാർക്ക് ചെയ്യാൻ സാധിക്കുന്ന ബഹുനില പാർക്കിംഗ് സമുച്ചയവും നഗരസഭയുടെ പരിഗണനയിലുണ്ട്. 11.74 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നഗരസഭാ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളാണ് ഉദ്ഘാടനം വൈകാൻ കാരണം. ഉടൻ ഉദ്ഘാടനം നടത്തും.
- മേയർ കെ.ശ്രീകുമാർ