റാഞ്ചി: വിദ്യാഭ്യാസ മന്ത്രി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്ന വാർത്ത നമ്മൾ ഇതിനുമുമ്പ് കേട്ടിരിക്കാൻ വഴിയില്ല. എന്നാൽ രാജസ്ഥാനിലെ വിദ്യാഭ്യാസമന്ത്രി ജഗർനാഥ് മഹ്‌തോ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. അമ്പത്തിമൂന്ന് വയസുള്ള മന്ത്രിയ്ക്ക് 25 വർഷത്തിന് ശേഷമാണ് തുടർന്നും പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. 1995-ലാണ് അദ്ദേഹം പത്താം ക്ലാസ് പരീക്ഷ പാസായത്.
താൻ വിഭ്യാഭ്യാസ മന്ത്രിയായപ്പോൾ മുതൽ ആളുകൾ തന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു. നിരന്തരമായ വിമർശനങ്ങളിൽ മനംനൊന്താണ് താൻ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഒരുങ്ങുന്നതെന്നാണ് മന്ത്രി പറയുന്നത്. ബൊക്കാറോയിലെ ദേവി മഹാതോ ഇന്റർ കോളേജിലാണ് മന്ത്രി പ്രവേശനത്തിനായി അപേക്ഷിച്ചിരിക്കുന്നത്.
ഡുമ്രി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ജഗർനാഥ് മഹ്‌തോ ആർട്‌സ് വിഭാഗത്തിലാണ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയക്കാരനായതിനാൽ തന്നെ പൊളിറ്റിക്കൽ സയൻസ് വിഷയം ഉറപ്പായും തിരഞ്ഞടുക്കുമെന്നാണ് മന്ത്രി പറയുന്നത്. മന്ത്രി തുടർ വിദ്യാഭ്യാസം നടത്തുന്ന വാർത്ത രാജസ്ഥാനിലെ ജനങ്ങൾ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് നോക്കികാണുന്നത്. പാതി വഴിയിൽ വിദ്യാഭ്യാസം മുടങ്ങിയ പലർക്കും താൻ ഒരു വഴികാട്ടിയാകട്ടെയെന്നാണ് ജഗർനാഥ് മഹ്‌തോ പറയുന്നത്.