kaumudy-news-headlines

1. ആദ്യമായി ഇന്ത്യക്കാരെ ഇന്ത്യയില്‍ നിന്ന് തന്നെ ബഹിരാകാശത്തേക്ക് അയക്കുന്ന ഐ.എസ്.ആര്‍.ഒ ദൗത്യമായ ഗഗന്‍യാനിലെ ആദ്യ യാത്രികെ തീരുമാനിച്ചു. ഒഡീഷ സ്വദേശിയും വ്യോമസേന വിംഗ് കമാന്‍ഡറുമായി നിഖില്‍ രഥ് ആണ് ഗഗന്‍യാനിലെ ആദ്യ യാത്രികന്‍. ഒപ്പം യാത്ര ചെയ്യുന്ന രണ്ട് പേരെ അധികം വൈകാതെ തീരുമാനിക്കും. ആദ്യ ഘട്ട പരിശീനം പൂര്‍ത്തിയാക്കിയ നാല് പേരില്‍ നിന്നാണ് നിഖില്‍ രഥിനെ തിരഞ്ഞെടുത്തത്. കേരള കൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എച്ച് സനല്‍കുമാറാണ് രാജ്യത്ത് തന്നെ ഈ വാര്‍ത്ത ആദ്യമായി കേരള കൗമുദി ദിനപത്രത്തിലൂടെ പുറത്ത് വിട്ടത്.

​​
2. നിഖില്‍ രഥിന്റെ അടുത്ത ഘട്ട പരിശീലനം മൂന്ന് മാസത്തിന് ഉള്ളില്‍ ആരംഭിക്കും. 25 പേരെയാണ് പ്രാഥമിക ഘടത്തില്‍ പരിഗണിക്കുന്നത്. ആരോഗ്യസ്ഥിതി, റഷ്യയിലെ ആദ്യഘട്ട പരിശീലന മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് യാത്രകരെ തീരുമാനിക്കുന്നത്. മൂന്ന് ബഹിരാകാഷ യാത്രകള്‍ ഉള്‍പ്പെട്ടതാണ് ഗഗന്‍യാന്‍ പദ്ധതി. ആദ്യ രണ്ട് യാത്രകളില്‍ മനുഷ്യര്‍ ഇല്ലാതെ വിക്ഷേപിക്കുന്ന ബഹിരാകാശ പേടകം യാത്ര പൂര്‍ത്തിയാക്കി മടങ്ങി എത്തും. മൂന്നാമത്തെ യാത്രയിലാണ് മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്നത്. ബഹിരാകാശ സഞ്ചാരികളെ നേരിട്ട് അയക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
3. രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് ആയുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 52 ആയി. ഇനി 18 പേരെയാണ് കണ്ടെത്താന്‍ ഉള്ളത്. അതില്‍ തന്നെ അധികവും കുട്ടികളാണ്. വീടുകള്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍, പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലും ഇന്നും ഉണ്ടാകും. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോഗമിക്കുക. പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നും ജില്ലാഭരണകൂടം അറിയിച്ചു. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തിരച്ചിലിന് തടസ്സം. സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും.
4. കൊവിഡ് ഭീതി ഉള്ളതിനാല്‍ കര്‍ശന ജാഗ്രത പാലിച്ചാണ് തിരച്ചില്‍ നടക്കുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും, പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പെട്ടവരും തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണ്. ഇവരെ അവസാനമായി ഒരു നോക്ക് കാണാന്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധുക്കള്‍ എത്തിക്കൊണ്ടേ ഇരിക്കുകയാണ്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് ഇവരെ ചെക്‌പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും 50ലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്ത നിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്.
5. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കൊവിഡ് പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി. പെട്ടിമുടിയില്‍ തിരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സംഘത്തെ പൂര്‍ണ്ണമായും ക്വാറന്റീനിലാക്കി. ഈ സംഘത്തില്‍ ഉള്ളവരും ആയി മാത്രമേ ഇയാള്‍ക്ക് പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടുള്ളൂ.
6. ആലപ്പുഴ പള്ളാത്തുരുത്തി കരുവേലി പാടശേഖരത്ത് മടവീണു. സി.എസ്.ഐ ചാപ്പല്‍ നിലംപൊത്തി. 140 ഏക്കറോളം കൃഷി നശിച്ചു. 150 വര്‍ഷം പഴക്കമുള്ള ചാപ്പലാണ് തകര്‍ന്നത്. അമ്പലപ്പുഴ തിരുവല്ല പാതയില്‍ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ തുറക്കില്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് 136.69 അടിയായി ഉയര്‍ന്നെങ്കിലും വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞിരുന്നു. അണക്കെട്ടിലേക്ക് ഉള്ള നീരൊഴുക്ക് കുറഞ്ഞു. വെള്ളം സ്പില്‍വേ ഷട്ടറുകളിലൂടെ ഒഴുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ പെരിയാറിന്റെ തീരദേശവാസികളെ മാറ്റി പാര്‍പ്പിക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും വര്‍ദ്ധിപ്പിച്ചു. ജലനിരപ്പ് 139 അടിയിലേക്ക് ഉയര്‍ന്നാല്‍ നിയന്ത്രിത അളവില്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടതായി കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.
7. അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് ഇരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. വലിയ അണക്കെട്ടുകളായ ഇടമലയാര്‍, ഇടുക്കി ഡാമുകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചെറിയ അണക്കെട്ടുകള്‍ നിറയുന്ന സാഹചര്യത്തില്‍ വെള്ളം ഒഴുക്കിവിടുന്നത് തുടരും. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂര്‍ എന്നി ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാര്‍ അടക്കമുള്ള നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം തുടരുമെന്നും കമ്മീഷന്‍ അറിയിച്ചു. കേരള തീരത്ത് കാറ്റിന്റെ വേഗം 50 കി.മി. വരെയാകാനും തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാദ്ധ്യതയുണ്ട്. ഇതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 720 ആയി. 8,752 കുടുംബങ്ങളിലെ 25,057 പേര്‍ ക്യാമ്പുകളിലുണ്ട്.