പൂനെ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്‌കൂളുകളും കോളേജുകളുമെല്ലാം 'ഓൺലൈനായി'. ചില ഓൺലൈൻ ക്ലാസുകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിക്ടേഴ്സ് ചാനലിലൂടെ ' തങ്കുപൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥ പറഞ്ഞ സായി ടീച്ചർ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്തരത്തിൽ പൂനെയിലുള്ള ഒരു അദ്ധ്യാപികയുടെ ഓൺലൈൻ ക്ലാസിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി വാങ്ങിക്കൊണ്ടിരിക്കുന്നത്.
പരമ്പരാഗത ക്ലാസ് റൂം സജ്ജീകരണങ്ങൾ താൽക്കാലികമായി ഇല്ലാതായതോടെ, ഡിജിറ്റൽ ക്ലാസുകൾ നടത്താൻ ആവശ്യമായ നൂതന രീതികൾ കൊണ്ടുവരാൻ അദ്ധ്യാപകർ നിർബന്ധിതരായിക്കൊണ്ടിരിക്കുകയാണ്. ഇവിടെയൊരു അദ്ധ്യാപിക ഫോൺ വയ്ക്കാനായി ഉപയോഗിച്ചിരിക്കുന്നത് റഫ്രിജറേറ്റർ ട്രേ ആണ്.
ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. രണ്ട് കുപ്പികളുപയോഗിച്ച് ട്രേ ബാലൻസ് ചെയ്ത ശേഷം, അദ്ധ്യാപിക തന്റെ സ്മാർട്ട്‌ഫോൺ അതിന് മുകളിൽ വച്ചു. ചുവടെയുള്ള മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ഒരു കടലാസിലുള്ള പാഠഭാഗങ്ങളുടെ ഫോട്ടോയെടുത്തു. കയ്യിൽ ഫോൺ പിടിക്കാതെ തന്നെ എളുപ്പത്തിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാനുമാകും.
നിരവധിപേരാണ് അദ്ധ്യാപികയെ പ്രശംസിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. നേരത്തെ, പൂനെയിൽ നിന്നുള്ള മറ്റൊരു അദ്ധ്യാപകൻ കയറും വസ്ത്രങ്ങളും ഉപയോഗിച്ച് ഫോൺ വയ്ക്കാനാവശ്യമായ താൽക്കാലിക ട്രൈപോഡ് ഉണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
A teacher using a refrigerator tray to teach online. #Teachinghacks #onlineeducation pic.twitter.com/NptsEgiyH6
— Monica Yadav (@yadav_monica) August 8, 2020