ന്യൂഡൽഹി: കൊവിഡ് ഉൾപ്പടെയുളള ദുരന്തങ്ങളെ സമർത്ഥമായി പ്രതിരോധിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാവുന്ന തുകയുടെ പരിധി ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കാേൺഫറൻസിലാണ് ഈ ആവശ്യം ഉയർന്നുവന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യാേഗത്തിൽ പങ്കെടുത്തു. തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാർ, തെലങ്കാന,കർണാടക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് കോൺഫറൻസിൽ പങ്കെടുത്തത്.
ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 35 ശതമാനം തുക കൊവിഡ് പ്രതിരോധത്തിനായി ചെലവാക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടത്. കൊവിഡിനെ നേരിടാൻ
ആയിരം കോടിയുടെ അധിക ധനസഹായം വേണമെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യം.
രാജ്യത്ത് നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്ന് യാേഗശേഷം പ്രധാമന്ത്രി പറഞ്ഞു.രോഗമുക്തി നിരക്ക് രാജ്യത്ത് കൂടിയിട്ടുണ്ടെന്നും ഏഴ് ലക്ഷം പരിശോധനകൾ ദിവസേന രാജ്യത്ത് നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.