
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന പ്രതികളുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്ന് എൻഫോഴ്‌സ്മെന്റ് കോടതിയെ അറിയിച്ചു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണ്. കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ട്. ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.
അതേസമയം ദുബായിലുള്ള രണ്ട് പേരെ കൂടി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. കേസിൽ ഇത് അത്യാവശ്യമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതിനുള്ള നടപടികൾ തുടരുകയാണ്. കളളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നത് . ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും കസ്റ്റംസ് കോടതിയിൽ വിശദീകരിച്ചു. ഹർജികൾ വിധി പറയാനായി മാറ്റി.