'ഭീകരനാണവൻ, കൊടുംഭീകരൻ!'. വയസ് 50 ആയെങ്കിലും അവന്റെ ചെയ്തികൾ അത്രയ്ക്കുണ്ട്. അതിനാൽ ആൾക്കാർക്ക് അവനെ അങ്ങനെ വിളിക്കാതിരിക്കാനാവില്ല. എത്ര ഗ്രാമവാസികളെയാണ് അവൻ കശാപ്പ് ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്. അതുകൊണ്ടുതന്നെ കക്ഷിയെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് ഗ്രാമവാസികൾക്ക് തോന്നി. എന്തുസംഭവിച്ചാലും അവനെ പിടികൂടിയിട്ടേ പിൻവാങ്ങൂ എന്ന തീരുമാനമെടുത്തതും അതുകൊണ്ടുതന്നെയാണ്. ഇങ്ങനെ ഗ്രാമവാസികളെ വിറപ്പിച്ച ഈ 'ഭീകരൻ' ആരാണെന്നല്ലേ, ഒരു മുതല.
ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം. ഗ്രാമവാസികൾക്കാകെ ഇവൻ പേടി സ്വപ്നമാണ്. 14 അടി നീളമുള്ള ഇവരെ പിടിക്കാൻ കഴിഞ്ഞ ദിവസം ഗ്രാമവാസികൾ ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെ കെയുബെസി നദിയിൽ നിന്ന് ഗ്രാമവാസികൾ മുതലയെ വലയിലാക്കി. പക്ഷേ, അവനെ എവിടെയെങ്കിലും കൊണ്ടു കളയാനോ അധികൃതർക്ക് കൈമാറാനോ ഗ്രാമവാസികൾ തയാറായില്ല. അതിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കാമെന്ന അധികൃതരുടെ വാക്കും അവർ ചെവിക്കൊണ്ടില്ല.
പകരം രണ്ടുദിവസം അവർ അതിനെ 'തടങ്കലിൽ' പാർപ്പിച്ചു. ആഹാരമൊന്നും കൊടുത്തതുമില്ല. തീരെ അവശനായ മുതല ഒടുവിൽ ചത്തു. പക്ഷേ, അപ്പോഴേക്കും അവർക്കൊരു സംശയം. ചത്തെങ്കിലും മുതലയുടെ ആത്മാവ് തങ്ങളെ വേട്ടയാടിയാലോ.. അതൊഴിവാക്കാൻ അവർ ഒരു മാർഗവും കണ്ടെത്തി. മുതലയുടെ തലയും ഉടലും വെവ്വേറെ കുഴിച്ചിടുക. അര ടൺ ഭാരമുള്ള മുതലയെ അവർ ജെസിബിയിലാണ് ശ്മശാനത്തേക്ക് കൊണ്ടുപോയത്. മുതലയെ ഗ്രാമവാസികൾ കാണുന്നത് രാക്ഷസന്റെ പ്രതിരൂപമായിട്ടാണ്. 2016ലും സമാന സംഭവം ഈ ഗ്രാമത്തിൽ ഉണ്ടായിട്ടുണ്ട്.