quar

കളിമണ്ണുകൊണ്ടു കലങ്ങൾ ഉണ്ടാക്കുന്നവർക്കു ഖനനത്തിന് അനുമതി വേണ്ട. സോളാർ പാർക്കുകൾക്കു വേണ്ട. വീട്ടിലെ ആവശ്യങ്ങൾക്ക് മണ്ണുമാറ്റാൻ, ഒഴുക്കിൽ വന്ന മണൽ മാറ്റാൻ, കൃഷിഭൂമിയിലെ എക്കൽ മാറ്റാൻ, ജനകീയ ഗ്രാമീണ പദ്ധതികൾക്കു മണ്ണെടുക്കാൻ. വെള്ളപൊക്കം നിയന്ത്രിക്കാൻ ഡാമിലെയും നദികളിലെയും മണ്ണുമാറ്റാൻ എന്നിങ്ങനെ ഏവരും കയ്യടിക്കുന്ന 35 കാര്യങ്ങൾ പുതിയ പാരിസ്ഥിതിക ആഘാത പഠനത്തിന്റെ കരടിലുണ്ട് . പക്ഷെ ഇതിന്റെയുള്ളിൽ ഒളിപ്പിച്ചു വെച്ച അഞ്ചു കാര്യങ്ങളിലാണ് അഭിപ്രായ വ്യത്യാസം.
കൽക്കരി അതിനു സമാനമായ മറ്റു ധാതുക്കളുടെ ഖനനം തുടങ്ങിയ വിഷയങ്ങളാണവ. ജനങ്ങൾക്ക് പരാതി പറയാനുള്ള സമയം കുറച്ചു. ജനങ്ങൾക്ക് ഹാനികരമായ കാര്യങ്ങളിൽ അതിപ്രധാന പദ്ധതിയെന്ന് സർക്കാർ പറഞ്ഞാൽ അതിനു അപ്പീലില്ല. ബി2 പദ്ധതിയാണെങ്കിൽ ജനങ്ങളോട് അഭിപ്രായം തേടേണ്ടതില്ല. മുപ്പതു ശതമാനം വായു മലിനീകരണം നടന്നാലും നമുക്കിടപെടാൻ കഴിയില്ല. എന്തിനേറെ പരാതിപ്പെടാൻ പോലും അവകാശമില്ല.
ഭോപ്പാൽ വാതകദുരന്തത്തെ തുടർന്നാണ് 1986​ൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത്. ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, ഖനനം തുടങ്ങിയവ ഈ നിയമം പാലിച്ചേ തുടങ്ങാൻ കഴിയൂ. ഈ നിയമത്തെ കുറച്ചുകൂടി ബലപ്പെടുത്താനാണ് പാരിസ്ഥിതിക ആഘാത പഠനം നടത്തിവേണം പുതിയ വ്യവസായങ്ങൾ തുടങ്ങാൻ എന്നുള്ള വകുപ്പ് 1994​ൽ കൊണ്ടുവന്നത്. പഠനത്തിന്റെ ചെലവുപോലും പദ്ധതി കൊണ്ടുവരുന്നവർ നടത്തണമെന്നാണ്. മലിനീകരിണം നടക്കുകയോ പരിസ്ഥിതിയ്ക്ക് ആഘാതമേൽക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകണം. ജനങ്ങളെയും വരാനുള്ള തലമുറയെയും അവരുടെ താല്പര്യങ്ങളെയും ഹനിക്കുന്നുണ്ടോ എന്നു നോക്കണം. ഈ പ്രവർത്തനങ്ങളെയെല്ലാം ലഘൂകരിക്കുയാണ് പുതുക്കിയ പാരിസ്ഥിതിക ആഘാത പഠനത്തിന്റെ കരട് രേഖ.
മുമ്പ് തന്നെ ഇളവുകൾ നൽകിയിരുന്നവയെ കുറച്ചുകൂടി ഇളവ് അനുവദിക്കുന്നു. 70 മീറ്ററിൽ കുറവ് വീതിയുള്ള റോഡുകൾക്ക് പരിസ്ഥിതി അനുമതി വേണ്ട. 50000 ഹെക്ടർ വരെയുള്ള ജലസേചന പദ്ധതികളെ പരിധിയിൽ നിന്നൊഴിവാക്കി. ക്വാറി തുടങ്ങിയ ഖനനം, സമുദ്രത്തിലെ എണ്ണ ​ പ്രകൃതി വാതക ഖനനം തുടങ്ങിയ്ക്ക് താല്ക്കാലികാനുമതി കിട്ടും.
പാരിസ്ഥിതിക അനുമതികൾ അപേക്ഷിച്ചിട്ടു 15 ദിവസത്തിനകം തീരുമാനമാകുന്നി ല്ലെങ്കിൽ അത് ലഭിച്ചതായി കണക്കാക്കും. പണമുള്ളവർക്ക് എന്തുമാകാം എന്ന് കല്പിക്കുന്ന തരത്തിൽ പാരിസ്ഥിതിക ആഘാത പഠനത്തോടൊപ്പം മുടക്കു മുതൽ എത്രയെന്നത് നോക്കിയും തീരുമാനമെടുക്കാം.
നമ്മുടെ പ്രദേശത്ത് വന്നിരിക്കുന്ന വ്യവസായ ശാലകൾ അല്ലെങ്കിൽ ക്വാറിക്ക് എതിരെ പരാതി അയയ്ക്കാനോ കേസുകൾ നടത്താനോ നമുക്ക് കഴിയില്ല. അത് ബന്ധപ്പെട്ട വകുപ്പിനേ അവകാശമുള്ളൂ.
അന്തർദേശീയതലത്തിലെ റിയോ പ്രഖ്യാപനത്തിനു ചേരാത്ത എല്ലാ വകുപ്പുകളും ഈ കരടിൽ നിന്ന് മാറ്റണം. വികസനപദ്ധതികളിൽ ജനങ്ങളുടെ അഭിപ്രായം തേടണമെന്ന അടിസ്ഥാന തത്വത്തെയാണ് ഈ കരട് രേഖ നിഷേധിക്കുന്നത്. ജനങ്ങൾക്ക് വികസന പദ്ധതിയെക്കുറിച്ചു കൃത്യമായ അറിവുണ്ടാവണം. തീരുമാനം എടുക്കുന്നതിൽ പങ്കാളിത്തമുണ്ടാവണം, പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിൽ ജനങ്ങൾക്ക് കയ്യെത്തും ദൂരത്തു വിവരങ്ങൾ ലഭ്യമാകണം, ഇതാവണം നിയമത്തിന്റെ സ്പിരിറ്റ്.
നമ്മുടെ രാജ്യത്തു അതിനായി നിലകൊള്ളുന്ന എല്ലാ നിയമങ്ങളെയും പുതിയ രേഖ തമസ്‌കരിക്കുകയാണ്. . പക്ഷെ ഇക്കാര്യത്തിൽ നമുക്കഭിപ്രായം പറയാൻ ഇനിയും അവസരം ഉണ്ട്. ഇ.ഐ.എ എന്ന പാരിസ്ഥിതിക ആഘാത പഠനം സംബന്ധമായ അഭിപ്രായം ഇന്നുതന്നെ അറിയിക്കുക. ഇത് നമ്മുടെ മക്കളെയും അവരുടെ സന്തതികളെയും മാത്രം ബാധിക്കുന്നതാണ്. അഭിപ്രായം
eia2020-moefcc@gov.in എന്ന മെയിലിൽ രേഖപ്പെടുത്തണം. അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും. അതാണ് ചരിത്രം നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്.